കോര്‍പറേഷന്‍ ഓഫിസില്‍ പഞ്ചിങ് പൂര്‍ണതോതില്‍ നടപ്പാക്കും

കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പഞ്ചിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായാണ് പഞ്ചിങ് ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പാക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചത്. പഞ്ചിങ് ശരിയായി നടക്കാത്തത് നാണക്കേടാണെന്ന് പി. കിഷന്‍ചന്ദും ഡ്യൂട്ടി സമയത്ത് ഓഫിസിലെ പല സീറ്റിലും ആളുകള്‍ ഉണ്ടാവാറില്ളെന്ന് അഡ്വ. വിദ്യാ ബാലകൃഷ്ണനും പറഞ്ഞു. കോര്‍പറേഷനില്‍ ഓഫിസ് സ്റ്റാഫുകളും ഫീല്‍ഡ് സ്റ്റാഫുകളും ഉള്ളതിനാലാണ് പഞ്ചിങ് പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയാത്തതെന്ന് സെക്രട്ടറി വിശദീകരിച്ചു. ഫീല്‍ഡില്‍ പോകുന്ന ജീവനക്കാര്‍ക്ക് യഥാസമയത്ത് പഞ്ച് ചെയ്യാന്‍ കഴിയാറില്ല. ഉച്ചക്കുശേഷവും പഞ്ചിങ് ഏര്‍പ്പെടുത്തണമെന്ന അംഗങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും ജീവനക്കാരുടെ എതിര്‍പ്പ് കാര്യമാക്കില്ളെന്നും മേയര്‍ അറിയിച്ചു. കോര്‍പറേഷനിലെ കണ്ടിജന്‍സി ജീവനക്കാരുടെ നടക്കാവിലെ കോളനികളിലെ വീടുകള്‍ അപകടാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പുതിയ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടി തുടങ്ങിയതായി മേയര്‍ അറിയിച്ചു. നിലവിലെ കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തും. കല്ലുത്താന്‍കടവ് ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയായി. അരമന ഡെവലപ്പേഴ്സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നതെങ്കിലും കല്ലുത്താന്‍കടവ് ഏരിയാ ഡെവലപ്മെന്‍റ് കമ്പനിക്ക് കരാര്‍ മറിച്ചുനല്‍കുകയായിരുന്നു. കൗണ്‍സില്‍ അറിയാതെ ഇത്തരമൊരു വ്യവസ്ഥ വന്നതിനെ യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇതില്‍ ഉണ്ടായ നിയമലംഘനം പരിശോധിക്കണമെന്ന് അഡ്വ. പി.എം. സുരേഷ്ബാബു ആവശ്യപ്പെട്ടു. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു വ്യവസ്ഥ വന്നതെന്നായിരുന്നു മേയര്‍ പറഞ്ഞത്. സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ പ്രകാരം കരാര്‍ കൈമാറ്റം ചെയ്യാന്‍ കമ്പനിക്ക് അധികാരമുണ്ടെന്ന് പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍ പറഞ്ഞു. ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയല്‍ വിജിലന്‍സിന്‍െറ കൈയിലാണെന്നും ഫയല്‍ കിട്ടുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു. സിറ്റി ബസുകളിലെ ജീവനക്കാര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് കത്തയക്കുമെന്ന് പി.കെ. ശാനിയയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. കാട്ടുവയല്‍ കോളനിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പി. കിഷന്‍ചന്ദിന്‍െറ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മേയര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ പുഴു, കുരങ്ങുശല്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയാണെന്ന് മുല്ലവീട്ടില്‍ മൊയ്തീന്‍ ശ്രദ്ധക്ഷണിച്ചു. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ മാനേജറുമായി സംസാരിക്കാമെന്ന് മേയര്‍ പറഞ്ഞു. ബേപ്പൂരിലെ മത്സ്യസംസ്കരണ യൂനിറ്റ് പ്രവൃത്തിക്കുന്ന കോര്‍പറേഷന്‍െറ കെട്ടിടത്തിന് വാടക നിശ്ചയിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇ.എം. സതീശ്കുമാറിന്‍െറ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായി മേയര്‍ പറഞ്ഞു. കോതിപ്പാലം അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ചാമുണ്ടിവളപ്പില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ള 200 കുടുംബങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സി.കെ. സീനത്ത് അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. ആര്‍.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സിന് രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവിലുള്ള വരുമാനപരിധി 600ല്‍നിന്ന് ആയിരം ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ. നജ്മ അവതരിപ്പിച്ച പ്രമേയവും അംഗീകരിച്ചു. പി. ഉഷാദേവി, അഡ്വ. പി.എം. നിയാസ്, എം. കുഞ്ഞാമുട്ടി, എം. രാധാകൃഷ്ണന്‍, പി.പി. ബീരാന്‍കോയ, ഇ.എം. സതീശ്കുമാര്‍, നമ്പിടി നാരായണന്‍, തോമസ് മാത്യു, അനിത രാജന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.