വെങ്ങാലിയില്‍ ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ കോര്‍പറേഷന്‍ പരിധി, നാദാപുരം എന്നിവിടങ്ങളിലായി 21 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കൂള്‍ബാറുകളിലും ഹോട്ടലുകളിലുമായിരുന്നു പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ചു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മൂന്നു സ്ഥാപനങ്ങളിലെ വെള്ളം സാമ്പിളും ശേഖരിച്ചു. കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കല്ലാച്ചിയില്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയിലായിരുന്നു. ഇതേതുടര്‍ന്നാണ് നാദാപുരം മേഖലയിലെ ബേക്കറികളിലും കൂള്‍ബാറുകളിലും ഹോട്ടലുകളിലും ചൊവ്വാഴ്ച പരിശോധന നടത്തിയത്. നാദാപുരത്ത് 11ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ രണ്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കി. മറ്റൊരു സ്ഥാപനത്തിന് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നോട്ടീസും നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയശേഷം മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കൂവെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ രണ്ടു ഹോട്ടലുകളിലും എട്ടോളം തട്ടുകടകളിലും കൂള്‍ബാറുകളിലും ചൊവ്വാഴ്ച പരിശോധന നടന്നു. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് എലത്തൂര്‍ വെങ്ങാലിയിലെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടത്തെി. എലത്തൂര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈവേ ഹോട്ടലില്‍ പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് വൃത്തിയുള്ള സാഹചര്യം ഒരുക്കുന്നതുവരെ ഹോട്ടലിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കി. ഇതേ ഹോട്ടലിനെതിരെ ചിക്കന്‍ ഫ്രൈയില്‍ നിറം ചേര്‍ത്തതിന് കഴിഞ്ഞ വര്‍ഷം കേസെടുത്തതായി ഫുഡ് സേഫ്റ്റി അധികൃതര്‍ പറഞ്ഞു. പുതിയങ്ങാടിയിലെ ഐവാ ഹോട്ടലിലും പരിശോധന നടന്നു. ഫാസ്റ്റ് ഫുഡ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഹോട്ടലിലെ ഫ്രീസറില്‍ വൃത്തിയാക്കാത്ത പച്ചയിറച്ചി കണ്ടത്തെി. ഫ്രീസര്‍ മാറ്റാനും വൃത്തിഹീനമായ സാഹചര്യം മെച്ചപ്പെടുത്താനുമുള്ള നോട്ടീസ് നല്‍കി. ഇതിനുപുറമെ കഴിഞ്ഞദിവസം അടച്ചുപൂട്ടിയ മൃഗാശുപത്രിക്ക് സമീപമുള്ള ചിന്നതമ്പിയുടെ പലഹാരനിര്‍മാണ യൂനിറ്റിലും കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ശരവണ ഹോട്ടലിലും പുന$പരിശോധന നടന്നു. ഇവിടങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവൃത്തികള്‍ നടന്നുവരുകയാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. കോളറ റിപ്പോര്‍ട്ട് ചെയ്ത എടക്കാട് പ്രദേശത്തെ തട്ടുകടകളിലും കൂള്‍ബാറുകളിലും പരിശോധന നടന്നു. സിറ്റിയിലെ പരിശോധനക്ക് കോഴിക്കോട് സൗത് ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ. സുജയന്‍ നേതൃത്വം നല്‍കി. ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ പി.കെ ഏലിയാമ്മ, ഓഫിസര്‍മാരായ സി.ജെ. വര്‍ഗീസ്, കെ.പി. രാജീവ്, കെ.പി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാദാപുരത്തെ പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.