പാവമണി റോഡിലെ മദ്യശാലകള്‍: പൊലീസ് പട്രോളിങ് ശക്തമാക്കി

കോഴിക്കോട്: മദ്യമൊഴുകുന്ന പാവമണി റോഡില്‍ ഇനി മുഴുവന്‍സമയവും പൊലീസ് സാന്നിധ്യം. കുറഞ്ഞ ചുറ്റളവിനുള്ളില്‍ മൂന്നു മദ്യശാലകള്‍ വന്നതോടെയാണ് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് ഇവിടെ നിലയുറപ്പിക്കാന്‍ തുടങ്ങിയത്. കണ്‍ട്രോള്‍ റൂം വാഹനമോ കസബ പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പൊലീസുകാരോ സദാസമയവും ഇവിടം കേന്ദ്രീകരിക്കാനാണ് തീരുമാനം. മദ്യശാലകള്‍ തുറക്കാത്ത ദിവസം മാത്രം ഇവിടെ പൊലീസ് സാന്നിധ്യമുണ്ടാവില്ല. സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഇവിടെ നിലയുറപ്പിക്കുന്നത്. മൂന്ന് മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നത് ഇവിടത്തെ വ്യാപാരികള്‍ക്ക് നിലനില്‍പുഭീഷണിയായത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പല കടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മദ്യഷോപ് തുറന്നതോടെ വര്‍ധിച്ച സാമൂഹികവിരുദ്ധ ശല്യവും ക്രമസമാധാന പ്രശ്നവുമാണ് കടയുടമകളെ പ്രതിസന്ധിയിലാക്കിയത്. റോഡിന്‍െറ പാതിഭാഗവും മദ്യശാലയിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറായിരുന്നു പതിവ്. ഇത് പലപ്പോഴും അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. എന്നാല്‍, പൊലീസ് ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. മദ്യശാലക്ക് അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നതോടെ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇതുവഴി ഭീതിയോടെയാണ് യാത്രചെയ്യുന്നത്. ഇതരദേശക്കാരുള്‍പ്പെടെയുള്ള മദ്യപന്മാരുടെ അഴിഞ്ഞാട്ടമാണ് പലപ്പോഴും ഇവിടെ ഉണ്ടാവാറുള്ളത്. മദ്യപിച്ച് ബോധരഹിതരായി കിടക്കുന്നവരും ചെറുസംഘങ്ങളായി മദ്യപിക്കാന്‍ എത്തുന്നവരും ഈ റോഡ് കീഴടക്കുന്നതോടെ ഇതുവഴിയുള്ള കാല്‍നടയാത്രയും ദുഷ്കരമാണ്. പാവമണി റോഡില്‍ നിലവിലെ രണ്ട് മദ്യശാലകള്‍ക്ക് പുറമെയാണ് ഒരു മദ്യശാലകൂടി അടുത്തിടെ തുറന്നത്. ബിവറേജസ് കോര്‍പറേഷന് കീഴില്‍ എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഒൗട്ട്ലെറ്റാണിപ്പോള്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്‍െറ എതിര്‍വശത്തുള്ള ബില്‍ഡിങ്ങിലേക്ക് മാറ്റിയത്. കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള മദ്യശാലയും ബീവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യശാലയും ഒരേ ബില്‍ഡിങ്ങില്‍തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.