പൊലീസുകാരുടെ സ്ഥലംമാറ്റം: അപേക്ഷ പരിഗണിക്കണമെന്ന് ട്രൈബ്യൂണല്‍

കോഴിക്കോട്: പൊലീസിലെ പൊതു സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്ട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചവരുടെ ആവശ്യം പരിഗണിക്കണമെന്ന് ട്രൈബ്യൂണല്‍. സീനിയോറിറ്റിയും ഓപ്ഷനും പരിഗണിക്കാതെയുള്ള സ്ഥലംമാറ്റത്തിനെതിരെയാണ് കഴിഞ്ഞ ദിവസം നാല് സിവില്‍ പൊലീസുകാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. പൊതു സ്ഥലംമാറ്റത്തിന്‍െറ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്നായിരുന്നു പരാതി. ജൂനിയര്‍ ഉദ്യോഗസ്ഥരെ അവര്‍ ആവശ്യപ്പെട്ടിടത്തേക്ക് മാറ്റിയപ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥരെ ഓപ്ഷനൊന്നും പരിഗണിക്കാതെയാണ് സ്ഥലംമാറ്റിയതെന്നും പരാതിയുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയ സമയത്ത് പരാതിക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചോ ആവശ്യമെങ്കില്‍ വിശദാംശങ്ങളോടെ പുതിയത് പരിഗണിക്കുകയോ ചെയ്യണമെന്നാണ് ട്രൈബ്യൂണല്‍ വിധിയെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. തോമസ് റിച്ചാര്‍ഡ് പറഞ്ഞു. വിധിയുടെ പകര്‍പ്പ് പുറത്തിറങ്ങി ഒരുമാസത്തിനകം അപേക്ഷകരുടെ ആവശ്യം സിറ്റി പൊലീസ് കമീഷണര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ട്രാന്‍സ്ഫറിന്‍െറ മറവില്‍ ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്ന് ആരോപിച്ചായിരുന്നു നാലുപേര്‍ കഴിഞ്ഞ ദിവസം ട്രൈബ്യൂണലിനെ സമീപിച്ചത്. ഹരജിയുടെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയോട് തിങ്കളാഴ്ചക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ദൂരെയുള്ള സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റപ്പെട്ട പൊലീസുകാരുടെ യാത്രാപ്രശ്നവും പൊലീസുകാരെ സീനിയോറിറ്റിയും സ്ഥലംമാറ്റത്തിനുള്ള ഓപ്ഷന്‍ അപേക്ഷകളും മറികടന്നാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയതെന്നും ഹരജിക്കാര്‍ പറയുന്നു. മൂന്നു വര്‍ഷത്തേക്കാണ് സ്ഥലംമാറ്റമെന്നും നഗരത്തിലെ നടക്കാവ്, കസബ, ടൗണ്‍ തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകളിലെ ജോലിഭാരം ഒരു കൂട്ടം പൊലീസുകാര്‍ക്ക് മാത്രമാകാതിരിക്കാനാണ് പരിഗണന നല്‍കിയതെന്നുമായിരുന്നു കമീഷണറുടെ വിശദീകരണം. പരാതിക്കാര്‍ റൂറല്‍ ജില്ലയില്‍ താമസിക്കുന്നവരാണെന്നും അവര്‍ക്ക് സ്വന്തം സ്റ്റേഷന്‍ പരിധിയില്‍ നിയമനം നല്‍കുന്നതില്‍ അപാകതയുണ്ടെന്നും വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലംമാറ്റത്തിലെ പൊതുമാനദണ്ഡങ്ങളും ചൂണ്ടിക്കാട്ടിയാണ് കമീഷണര്‍ വിശദീകരണം നല്‍കിയത്. നാലുപേരായിരുന്നു ഹരജി നല്‍കിയത്. സിറ്റിയിലെ 25ഓളം വനിതകള്‍ ഉള്‍പ്പെടെ 380 പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.