സൗകര്യങ്ങളില്ല; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ദുരിതം

കുറ്റ്യാടി: മഴക്കാല രോഗങ്ങളുമായി കുറ്റ്യാടി ഗവ. ആശുപത്രിയില്‍ രോഗികളുടെ പ്രവാഹമായതോടെ പരിശോധിക്കാന്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. കൊച്ചു മുറിയില്‍ നാലു ഡോക്ടര്‍മാരും രോഗികളും വീര്‍പ്പുമുട്ടുകയാണ്. മുറ്റത്തോടനുബന്ധിച്ചാണ് ജനറല്‍ ഒ.പി.യുള്ളത്. അമ്പതോളം പേര്‍ക്ക് ഇരിക്കാനേ ഇവിടെ സൗകര്യമുള്ളൂ. ബാക്കിയുള്ളവര്‍ ഊഴമത്തെുന്നതുവരെ പനിച്ചു വിറച്ച് മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുകയാണ്. ഈ മുറ്റത്തുകൂടിയാണ് വാഹനങ്ങളും പോകേണ്ടത്. ദിനേന ആയിരത്തിനും ആയിരത്തി ഇരുനൂറിനും ഇടയില്‍ രോഗികള്‍ ഒ.പിയില്‍ എത്തുന്നതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. ജമീല പറഞ്ഞു. ഞായറാഴ്ചകളില്‍ രണ്ടു ഡോക്ടര്‍മാരാണ് ഉണ്ടാകാറ്. ഇതിനാല്‍ ചികിത്സ കിട്ടാതെ പലര്‍ക്കും തിരിച്ചുപോകേണ്ട സ്ഥിതിയാവും. ആശുപത്രിയിലെ പോര്‍ച്ചിലാണ് ജനറല്‍ ഒ.പി.യിലെ രോഗികള്‍ ഇരിക്കുന്നത്. പലരും മഴയും വെയിലും സഹിച്ച് നില്‍ക്കേണ്ടി വരുന്നു. ഇവിടെ മേല്‍ക്കൂര വിപുലപ്പെടുത്തണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒ.പി. ടിക്കറ്റ് കിട്ടണമെങ്കില്‍ പുലര്‍ച്ചെ വന്ന് ക്യൂവില്‍ നില്‍ക്കണം. നൂറും ഇരുനൂറും മീറ്റര്‍ വരെ വരി നീളും. അത് കഴിഞ്ഞ് ഡോകടറെ കാണാനുള്ള നീണ്ട നിരയുണ്ടാവും. അവസാനം മരുന്നിനും ക്യൂ നിന്ന് തിരിച്ചു പോകുമ്പോഴേക്കും മണിക്കൂറുകള്‍ കഴിയും. ഒ.പി. ടിക്കറ്റെടുക്കാന്‍ ഇലക്ട്രോണിക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഏതാനും മാസം മാത്രമാണ് നിലനിന്നത്. ആദ്യം വരുന്നവര്‍ സ്വന്തക്കാര്‍ക്കും പ്രദേശത്തുകാര്‍ക്കം കുറെ ടോക്കണുകള്‍ എടുത്തുവെക്കുന്നതിനാല്‍ വൈകി വരുന്നവര്‍ക്ക് അധിക സമയം നില്‍ക്കേണ്ട അവസ്ഥയായിരുന്നു. ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്ന മുറ്റത്ത് സ്ഥലസൗകര്യം കുറവാണ്. ഇരിക്കാനും ആവശ്യത്തിന് സൗകര്യങ്ങളില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.