വാഗ്ദാനം നടപ്പായില്ല: അപൂര്‍വരോഗം ബാധിച്ച സഹോദരങ്ങള്‍ വീടിനായുള്ള കാത്തിരിപ്പ് തുടരുന്നു

ബാലുശ്ശേരി: ഉമ്മന്‍ ചാണ്ടി നല്‍കിയ വാഗ്ദാനം നടപ്പായില്ല. അപൂര്‍വ രോഗം ബാധിച്ച സഹോദരങ്ങള്‍ വീടിനായുള്ള കാത്തിരിപ്പ് തുടരുന്നു. പനങ്ങാട് പഞ്ചായത്തിലെ കുറുമ്പൊയില്‍ മണ്ടോത്ത്മൂലയില്‍ ബാലനും (60) സഹോദരി ബിന്ദുവുമാണ് (40) സ്വന്തമായുള്ള വീടിനായി കാത്തിരിപ്പ് തുടരുന്നത്. 2013 നവംബറില്‍ കോഴിക്കോട്ട് വെച്ച് നടന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇരുവര്‍ക്കുമായി വീട് നിര്‍മിക്കാനായി മൂന്ന് സെന്‍റ് ഭൂമിയും വീട് സ്പോണ്‍സര്‍ ചെയ്ത് നല്‍കാമെന്നുമുള്ള ഉറപ്പ് നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം മൂന്ന് സെന്‍റ് ഭൂമി കുരുവട്ടൂര്‍ വില്ളേജിലെ പയിമ്പ്രക്കടുത്ത് പെരുവട്ടിപ്പാറയില്‍ അനുവദിച്ചുവെങ്കിലും ഇവിടെ വീട് നിര്‍മിക്കാനായി ഇരുവരും ചേര്‍ന്ന് കരിങ്കല്‍ തറ നിര്‍മിച്ചതല്ലാതെ വീടെന്ന സ്വപ്നം കെട്ടിപ്പടുക്കാനായില്ല. നാട്ടുകാര്‍ നല്‍കിയ സഹായധനം കൊണ്ടാണ് 75,000ത്തോളം രൂപ ചെലവിട്ട് തറ നിര്‍മിച്ചിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഇനി നടപ്പാകില്ളെന്ന ചിന്തയിലാണ് ഇരുവരും. വളരെ ചെറുപ്പത്തില്‍ത്തന്നെ അപൂര്‍വരോഗം ബാധിച്ച് ബാലന്‍െറ ഇരുകാലുകളും ദ്രവിച്ച് അടര്‍ന്നുവീണ് മുട്ടുവരെ എത്തിയിട്ടുണ്ട്. ഇരു കൈകളിലെയും കൈപ്പത്തികളും അടര്‍ന്നുപോയിരിക്കുകയാണ്. സഹോദരി ബിന്ദുവിന്‍െറ ഇരുകാലുകളുടെയും പാദങ്ങള്‍ പഴുപ്പ് ബാധിച്ച് അടര്‍ന്നിരിക്കുകയാണ്. ഇരുവരും കുറുമ്പൊയിലിലെ വീട്ടിനുള്ളില്‍ നിരങ്ങി നീങ്ങിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പഴുപ്പ് ബാധിക്കുമ്പോള്‍ ബാലുശ്ശേരിയിലോ കോഴിക്കോട്ടോ ഉള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാനാണ് ഇവര്‍ക്ക് ഏറെ പ്രയാസം. കുറുമ്പൊയില്‍-വയലട റോഡിലെ ചെങ്കുത്തായ കുന്നിന്‍ചരിവിലാണ് ഇപ്പോഴത്തെ കൊച്ചുവീട്. വാഹന ഗതാഗത സൗകര്യമുള്ള റോഡോരത്ത് വീട് വെക്കാനുള്ള ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുരുവട്ടൂരിലെ റോഡരികില്‍ മൂന്ന് സെന്‍റ് ഭൂമി അനുവദിച്ചത്. 60 പിന്നിട്ട ബാലന് ഇപ്പോള്‍ ചെവികേള്‍ക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. ഇരുവര്‍ക്കും കിട്ടുന്ന വികലാംഗ പെന്‍ഷനാണ് ഏക വരുമാനം. മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരിമാരുടെ കാരുണ്യത്താലാണ് ഇപ്പോള്‍ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.