ഡിഫ്തീരിയ പ്രതിരോധ മരുന്നില്ല; മലയോര മേഖല ആശങ്കയില്‍

മുക്കം: ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നാടൊട്ടുക്ക് പ്രതിരോധ കുത്തിവെപ്പിന് പ്രാധാന്യം നല്‍കുമ്പോഴും രോഗം സ്ഥിരീകരിച്ച ജില്ലയുടെ മലയോര മേഖലയിലെ ഗവ. ആശുപത്രികളില്‍ പ്രതിരോധ കുത്തിവെപ്പിന് മരുന്നില്ലാത്തത് ആശങ്ക പടര്‍ത്തുന്നു. ആരോഗ്യവകുപ്പിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും പ്രതിരോധ പ്രവര്‍ത്തനം പ്രഹസനമാവുകയാണിവിടെ. കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ ആശുപത്രികളിലൊന്നും പ്രതിരോധ കുത്തിവെപ്പിന് മരുന്നില്ളെന്നാണ് പരാതി. കാരശ്ശേരി, കുന്ദമംഗലം പഞ്ചായത്തുകളില്‍ ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്. രോഗം സംശയിക്കുന്നവര്‍ വേറെയുമുണ്ട്. ജില്ലയില്‍ ഇതിനകം 23 പേര്‍ക്ക് ഡിഫ്തീരിയ ബാധ കണ്ടത്തെി. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്കടക്കം വാക്സിനേഷന്‍ നല്‍കണമെന്നാണ് നിര്‍ദേശം. രോഗികളുമായി ഇടപഴകുന്നവര്‍ ടി.ഡി വാക്സിനെടുക്കേണ്ടതുണ്ട്. പക്ഷേ, മരുന്ന് എത്തിക്കാത്തതിനാല്‍ എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. രോഗഭീതിയിലാണ്ടവര്‍ നിര്‍ദേശാനുസരണം കുത്തിവെപ്പിനായി ആശുപത്രികളില്‍ എത്തി നിരാശരായി മടങ്ങുകയാണ്. ദിനേന നിരവധി പേര്‍ പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും മരുന്ന് എന്നാണ് എത്തുക എന്നുപോലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ല. ചെറുവാടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ളോക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍നിന്നാണ് അഞ്ച് പഞ്ചായത്തുകളിലേക്ക് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ച പഞ്ചായത്തുകളും പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.