കാലികളെ അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും –നഗരസഭ

കോഴിക്കോട്: കാലികളെ അഴിച്ചുവിടുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി കോര്‍പറേഷന്‍. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലികളെ കോര്‍പറേഷന്‍ അധികൃതര്‍ പിടിച്ചുകൊണ്ടുപോകുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പിഴ അടച്ചശേഷമാണ് ഉടമകള്‍ക്ക് കാലികളെ വിട്ടുനല്‍കുന്നത്. ഇത്തരത്തില്‍ നടപടികള്‍ കര്‍ശനമാക്കുമ്പോഴും നഗരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധം കാലികള്‍ അലയുന്നത് വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നടപടിക്ക് കോര്‍പറേഷന്‍ അധികൃതര്‍ നീങ്ങുന്നത്. ഇക്കാര്യത്തില്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് പിഴയീടാക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ കോര്‍പറേഷന്‍ പിടിച്ച കാലികളെ എളുപ്പത്തില്‍ പിഴയടച്ച് ഉടമകള്‍ കൊണ്ടുപോകുന്ന സാഹചര്യമാണുള്ളത്. നേരത്തേ പിടിയിലായ രണ്ടു കാലികളില്‍ ഒന്നിനെ ശനിയാഴ്ച ലേലം ചെയ്തു. മേയര്‍ ഭവന്‍ വളപ്പിലെ കാര്‍ ഷെഡിലൊരുക്കിയ പ്രത്യേക ആലയില്‍ നടന്ന ലേലത്തില്‍ 8200 രൂപക്കാണ് വലിയ മൂരിയെ ലേലം ചെയ്തത്. ലേലത്തില്‍ എട്ടുപേര്‍ പങ്കെടുത്തു. മൂരിക്കുട്ടനെ ഉടമകള്‍ കൗണ്‍സിലറുടെ സാക്ഷ്യപത്രവുമായി എത്തിയതിനാല്‍ ലേലം ചെയ്തില്ല. ഉടമകളോട് അധികൃതര്‍ പിഴയടക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ ലേലം ചെയ്ത കാലികളുടെ എണ്ണം എട്ടായി. കാലിപിടിത്തം ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായി തിങ്കളാഴ്ച മുതല്‍ രാത്രിയും സ്ക്വാഡിനെ രംഗത്തിറക്കും. കാലികള്‍ കൂട്ടമായി നിരത്തിലിറങ്ങി ഗതാഗത തടസ്സവും അപകടവുമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്‍ കാലികളെ പിടികൂടിത്തുടങ്ങിയത്. 1961ലെ കേരള കാറ്റില്‍ ട്രസ്പാസ് ആക്ട് പ്രകാരമാണ് നടപടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.