പരിമിതികളില്‍ വീര്‍പ്പുമുട്ടി ബീച്ച് ആശുപത്രി

കോഴിക്കോട്: പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നതോടെ പനിബാധിതരുടെ നീണ്ട നിരയാണ് ആശുപത്രികളിലെല്ലാം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒ.പി കൗണ്ടറിലെ തിരക്ക് റോഡിലേക്ക് കടന്നു. തിങ്കളാഴ്ച ശക്തമായി പെയ്ത മഴയില്‍ ഒ.പി കൗണ്ടറിന് മുന്നില്‍ ആശുപത്രിയിലത്തെിയ രോഗികളുടെ നീണ്ട നിരയായിരുന്നു. നിലവില്‍ രണ്ട് കൗണ്ടറുകള്‍ മാത്രമാണ് ഒ.പി സേവനത്തിന് ഇവിടെയുള്ളത്. പഴയ കെട്ടിടമായതിന്‍െറ സൗകര്യക്കുറവും ജീവനക്കാരുടെ എണ്ണക്കുറവും ആശുപത്രി പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുകയാണ്. അതിരാവിലെ മുതല്‍ ക്യൂ നിന്നാലും ലാബ് പരിശോധനകളെല്ലാം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും ഒരു ദിവസം കഴിയുമെന്ന് ആശുപത്രിയില്‍ വരുന്നവര്‍ പറയുന്നു. ഒ.പി കൗണ്ടറിലെ തിരക്കിനുപുറമെ മരുന്ന് വാങ്ങുന്നതിനും നീണ്ടനിരയാണ്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്യൂ ഉണ്ടെങ്കിലും മരുന്ന് നല്‍കാന്‍ ഒരാള്‍ മാത്രമേയുള്ളൂ. മണിക്കൂറുകളോളം ക്യൂവില്‍ നിന്നാലാണ് മരുന്നുകള്‍ ലഭിക്കുന്നത്. പനി വാര്‍ഡില്‍ മാത്രം 600ലധികം പേരാണ് ചികിത്സക്കത്തെുന്നത്. ഇവിടെ അഞ്ചു ഡോക്ടര്‍മാരുണ്ടെങ്കിലും ചികിത്സക്കത്തെുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇത് പര്യാപത്മല്ല. ഉച്ചക്ക് 12ന് ഒ.പി കൗണ്ടര്‍ അടയ്ക്കുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മണിക്കൂറുകളോളം ക്യൂവില്‍നിന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിഅയക്കുന്നതിനാല്‍ രോഗികളും ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ഓരോ വകുപ്പിലും വേണ്ട വിധത്തില്‍ ജീവനക്കാരെ നിര്‍ത്തണമെന്നതും നീണ്ടകാലത്തെ ആവശ്യമാണ്. രാത്രിസമയത്ത് ആശുപത്രിയുടെ പല ഭാഗത്തും വെളിച്ചമില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. സ്ത്രീകള്‍ രാത്രി ഏറെ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. മഴക്കാലത്ത് പലതവണ വൈദ്യുതി മുടങ്ങുന്നു. ഇതിന് മതിയായ സജ്ജീകരണങ്ങള്‍ പല വാര്‍ഡിലും ഇല്ളെന്നും രോഗികളുടെ കൂടെ വന്ന സ്ത്രീകള്‍ പറയുന്നു. ആശുപത്രിയുടെ വികസനത്തെക്കുറിച്ച് പരിഗണിക്കേണ്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ആര്‍.എം.ഒ ഡോ. സാജ് മാത്യു പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പേ ചെയ്ത വയറിങ്ങെല്ലാം താറുമാറായ നിലയിലാണ്. നിരന്തരം വൈദ്യുതി മുടങ്ങുന്നത് വര്‍ഷങ്ങളായി ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് ബീച്ച് ആശുപത്രി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.