കോഴിക്കോട്: ജില്ലയില്‍ പനിയും പകര്‍ച്ചവ്യാധികളും പടരുമ്പോഴും മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുടങ്ങാത്തത് ആക്ഷേപത്തിനിടയാക്കുന്നു. ജീവനക്കാരുടെ കുറവുമൂലമാണ് കിടക്കയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളൊരുക്കിയിട്ടും വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങാത്തത്. ദിവസങ്ങള്‍ക്കുമുമ്പ് വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. ജൂലൈ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍, പനിവാര്‍ഡിലേക്കായി നിയമിച്ചിരുന്ന ആറ് നഴ്സുമാരും ആറ് നഴ്സിങ് അസിസ്റ്റന്‍റുമാരുമുള്‍പ്പെടെ 15 താല്‍ക്കാലിക ജീവനക്കാരെ ജൂണ്‍ 30ന് കരാര്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഇതാണ് പനി വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസ്സമായത്. ജനറല്‍ മെഡിസിന്‍ വാര്‍ഡിനുസമീപം 31ാം വാര്‍ഡില്‍ സ്ത്രീകള്‍ക്കായും 26ാംവാര്‍ഡില്‍ പുരുഷന്മാര്‍ക്കായും പ്രത്യേക വാര്‍ഡ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. പനിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും അതിനനുസരിച്ച് ആവശ്യത്തിന് നഴ്സിങ് സ്റ്റാഫില്ലാത്തതും നിലവിലുള്ള ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ജീവനക്കാരുടെ കുറവുമൂലം ഷിഫ്റ്റ് പുനക്രമീകരിച്ചും ഇരട്ടി ഡ്യൂട്ടി ചെയ്തുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നത്. അതിനിടയില്‍ ഒന്നുമുതല്‍ എട്ടുവരെയും 31, 36 എന്നീ വാര്‍ഡുകളിലുമായുള്ള 400ലേറെ രോഗികളെക്കൂടാതെ 100ഓളം രോഗികള്‍ വിവിധ വാര്‍ഡുകളുടെ വരാന്തയില്‍ കിടക്കുന്ന അവസ്ഥയാണുള്ളത്. ജീവനക്കാരുടെ കുറവുമൂലം മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നത് ആശുപത്രി വികസന സമിതി ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക വാര്‍ഡിലേക്കാവശ്യമായ ജീവനക്കാരെ അടുത്തുതന്നെ നിയമിക്കുമെന്നും മെഡിസിന്‍ വിഭാഗം മേധാവി ഡോ.എന്‍.കെ. തുളസീധരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.