കരാറുകാര്‍ മാറിയത് കോര്‍പറേഷനറിഞ്ഞില്ല

കോഴിക്കോട്: കല്ലുത്താന്‍കടവ് ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വ്യാപാര-ഫ്ളാറ്റ് സമുച്ചയത്തിന് കോര്‍പറേഷന്‍ ഏല്‍പിച്ചിരുന്ന കരാറുകാരന്‍ മാറിയത് കോര്‍പറേഷന്‍ അറിഞ്ഞില്ല. കൗണ്‍സിലിന്‍െറ അംഗീകാരത്തോടെ കൈമാറ്റം ചെയ്യേണ്ട കരാര്‍ ജോലിയാണ് അധികൃതര്‍ അറിയാതെ കൈമാറിയത്. 2009ല്‍തുടങ്ങിയ സമുച്ചയത്തിന്‍െറ നിര്‍മാണജോലിക്കായി ബംഗളൂരു ആസ്ഥാനമായുള്ള അരമന ഡെവലപേഴ്സിനാണ് കരാര്‍ നല്‍കിയിരുന്നത്. പിന്നീട് ഈ കമ്പനി കല്ലുത്താന്‍കടവ് ഡെവലപ്മെന്‍റ് സൊസൈറ്റി എന്ന കരാര്‍ കമ്പനിക്ക് കരാര്‍ കൈമാറുകയായിരുന്നു. സ്പെഷല്‍ പ്രോജക്ട് വെഹിക്ള്‍ (എസ്.പി.വി) പദ്ധതി പ്രകാരം ടെന്‍ഡറെടുക്കുന്ന കരാറുകാരന് ജോലി മറ്റൊരാള്‍ക്ക് കൈമാറാന്‍ അനുമതിയുണ്ടെങ്കിലും കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ അംഗീകാരത്തോടെയേ ഇതു ചെയ്യാനാവൂ. കരാര്‍ ജോലി അനധികൃതമായി കൈമാറിയതു സംബന്ധിച്ച് പദ്ധതി നടപ്പാക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ ഉഷാദേവി തിങ്കളാഴ്ച നടന്ന കോര്‍പറേഷന്‍ കൗണ്‍സിലില്‍ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. കരാറുകാരന്‍ മാറിയത് അറിഞ്ഞിട്ടില്ളെന്നും, ഇക്കാര്യത്തില്‍ വീഴ്ച പറ്റിയതായും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വിശദീകരണം നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്ത കൗണ്‍സിലില്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പറേഷന്‍ സെക്രട്ടറിയോടാവശ്യപ്പെട്ടു. കല്ലുത്താന്‍കടവ് പദ്ധതിക്കായി കുടിയൊഴിപ്പിച്ച 139 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്ളാറ്റ് സമുച്ചയം, പാര്‍ക്കിങ് പ്ളാസ ഉള്‍പ്പെടുന്ന വ്യാപാരസമുച്ചയം, പഴ-പച്ചക്കറി മാര്‍ക്കറ്റ് എന്നിവ തുടങ്ങാനായിരുന്നു പദ്ധതി. 60കോടി രൂപയാണ് ഇതിന് എസ്റ്റിമേറ്റ് വകയിരുത്തിയത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍മാണം തുടങ്ങിയത്. ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കാതെ പഴം-പച്ചക്കറി മാര്‍ക്കറ്റാണ് ആദ്യം നിര്‍മിച്ചതെന്നും, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാനായില്ളെന്നും കൗണ്‍സിലര്‍ ഉഷാദേവി അറിയിച്ചു. ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. അനില്‍ കുമാര്‍, സി. അബ്ദുറഹിമാന്‍, അഡ്വ. പി.എം. നിയാസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഭരണപക്ഷ കൗണ്‍സിലര്‍ ടി.സി. ബിജുരാജ് കൊണ്ടുവന്ന ജിഷ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്‍െറ അന്വേഷണസംഘത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള കേരള സര്‍ക്കാറിനെയും ഐകകണ്ഠ്യേന അഭിനന്ദിക്കുന്നുവെന്ന പ്രമേയം വോട്ടിട്ട് പാസാക്കി. ഭരണപക്ഷത്തെ 37 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 24 പേര്‍ എതിര്‍ത്തു. പ്രമേയം രാഷ്ട്രീയ പ്രേരിതമായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ളെന്ന് പ്രതിപക്ഷത്തെ അഡ്വ. പി.എം. സുരേഷ്ബാബു പറഞ്ഞു. കേസിന്‍െറ കുറ്റപത്രം പോലും ഇതുവരെയും സമര്‍പ്പിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തില്‍ കേസ് അന്വേഷിച്ച ഇരുസര്‍ക്കാറുകളെയും അന്വേഷണസംഘങ്ങളെയും അനുമോദിക്കുമെന്ന ഭേദഗതി വേണമെന്ന് പ്രതിപക്ഷ അംഗം അഡ്വ. പി.എം. നിയാസ് ആവശ്യപ്പെട്ടു. ഭേദഗതിക്ക് താല്‍പര്യമില്ളെന്ന് പ്രമേയം അവതരിപ്പിച്ച ടി.സി. ബിജുരാജ് അറിയിച്ചതോടെ വിഷയം ചര്‍ച്ചക്കിട്ടു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്,കൗണ്‍സിലര്‍മാരായ അഡ്വ. സി.കെ. സീനത്ത്, നമ്പിടി നാരായണന്‍, സി.അബ്ദുറഹ്മാന്‍, കെ.കെ. റഫീഖ്, സതീശന്‍, വി.ടി. സത്യന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.