കോഴിക്കോട്: തീരദേശ മേഖലയില്‍ കടലാക്രമണം വീണ്ടും ശക്തമായി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലുള്ള ശക്തമായ മഴയിലും തുടര്‍ന്നുണ്ടായ കടലാക്രമണത്തിലും സൗത് ബീച്ചിലെ ചാപ്പയില്‍ മൂന്നുവീടുകള്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ സൗത് ബീച്ചിലെ പത്തു കുടുംബങ്ങളെ പരപ്പില്‍ എം.എം. ഹൈസ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മുഹമ്മദ് അഷ്റഫ്, ആദം, ബീവി, ഇബ്രാഹിം എന്നിവരുടെ വീടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗത് ബീച്ചിലും മറ്റു തീരദേശ മേഖലകളിലും ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. സൗത് ബീച്ചിലുള്ള മറ്റുവീടുകളിലും കടല്‍വെള്ളം ഇരച്ചുകയറിയതോടെ ജീവിതം ദുരിതമായി മാറുകയാണ്. പലതവണ അധികൃതരോട് തങ്ങളുടെ ആവശ്യങ്ങള്‍ പറഞ്ഞപ്പോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതല്ലാതെ തങ്ങളുടെ സംരക്ഷണത്തിനായി ഒന്നും ചെയ്തില്ളെന്നാണ് പ്രദേശത്തുള്ളവര്‍ പരാതിപ്പെടുന്നത്. അധികൃതരുടെ നിസ്സംഗതമൂലം ബുധനാഴ്ചത്തെ പെരുന്നാള്‍പോലും വീട്ടില്‍ ആഘോഷിക്കാന്‍ കഴിയാത്തതിന്‍െറ ദു$ഖത്തിലാണിവര്‍. പലരുടെയും വീട് കടല്‍വെള്ളത്താല്‍ നിറഞ്ഞിരിക്കുകയാണ്. പെരുന്നാള്‍ സമയത്ത് വീടും കിടപ്പാടവും ഇല്ലാതെ പുനരധിവാസ ക്യാമ്പില്‍ കഴിയാനാണ് ഇവരുടെ വിധി. പത്തു കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം 70ഓളം പേരാണ് സ്കൂളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ തിങ്കളാഴ്ചത്തെ നോമ്പ് തുറന്നത്. വരുംദിവസങ്ങളില്‍ ക്യാമ്പില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ അവിടെ വീടുണ്ടാകുമോ എന്നുപോലും ഉറപ്പില്ല. ഈ ഭാഗങ്ങളിലെ കരിങ്കല്‍ ഭിത്തികള്‍ക്ക് താരതമ്യേന ഉയരം കുറവാണ്. കരിങ്കല്‍ഭിത്തിയുടെ മുകളിലൂടെ കൂറ്റന്‍ തിരയടിച്ചു വീടുകളിലേക്ക് കയറുകയായിരുന്നു. നഗരം വില്ളേജ് സ്പെഷല്‍ ഓഫിസര്‍ ബി. അനില്‍കുമാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോഴും ഇതുസംബന്ധിച്ച തീരുമാനമൊന്നുമായിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെയുണ്ടായ കടലാക്രമണത്തില്‍ ചാപ്പയിലിലെ 12 വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതല്‍ കടല്‍ത്തിര ശക്തിയായി കരയിലേക്ക് അടിച്ചുകയറുകയാണെന്നും അഞ്ചുവര്‍ഷത്തിനിടയില്‍ പ്രദേശത്തുണ്ടായ ശക്തമായ കടലാക്രമണമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. വീടിനു സമീപത്തെ മണ്ണും മറ്റും ഒലിച്ചുപോകുന്നതും ഭീഷണിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.