കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍: കൊഴുക്കുന്നത് രാഷ്ട്രീയ വിവാദം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്നത് കാല്‍ നൂറ്റാണ്ടായുള്ള നാട്ടുകാരുടെ ആവശ്യം. എന്നാല്‍, ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ വിവാദം. യോജിച്ച സ്ഥലം കണ്ടത്തെി എത്രയും പെട്ടെന്ന് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമങ്ങളൊന്നും നടക്കുന്നില്ല. ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ കത്തിയമര്‍ന്നത് കോടികളുടെ സമ്പത്തുകളാണ്. ജീവിതം മുഴുവന്‍ അധ്വാനിച്ച് സ്വരൂപിച്ച വസ്തുവകകള്‍ കത്തിനശിച്ചതിനാല്‍ ദുരിതത്തില്‍പെട്ടവര്‍ നിരവധി. പഞ്ചായത്തുകളില്‍പോലും ഫയര്‍ സ്റ്റേഷന്‍ സ്ഥാപിതമായപ്പോള്‍ നഗരസഭയും താലൂക്ക് ആസ്ഥാനവുമായ കൊയിലാണ്ടി അവഗണിക്കപ്പെട്ടു. ഇടതുമുന്നണി ഭരിക്കുന്ന കൊയിലാണ്ടി നഗരസഭ സ്ഥലം എടുത്തുനല്‍കിയിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചില്ളെന്നായിരുന്നു നിയമസഭ തെരഞ്ഞെടുപ്പുകാലത്തെ എല്‍.ഡി.എഫ് പ്രചാരണം. സ്ഥലം എടുത്തില്ളെന്ന് യു.ഡി.എഫും വാദിച്ചു. വാദങ്ങള്‍ കൊഴുക്കവേ കടകള്‍ തീപിടിച്ച് നശിക്കുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം ഫയര്‍ സ്റ്റേഷന്‍ സംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. സ്ഥലം കണ്ടത്തെി നല്‍കിയാല്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ പിടിച്ചായി പിന്നീട് കോലാഹലം. സ്ഥലം കണ്ടത്തെിയെന്ന എല്‍.ഡി.എഫ് വാദം പൊളിഞ്ഞതായും അസത്യം പ്രചരിപ്പിച്ച എം.എല്‍.എ മാപ്പുപറയണമെന്നും കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. മണമല്‍ ഹോമിയോ ആശുപത്രിക്ക് സമീപം 20 സെന്‍റ് സ്ഥലം ഫയര്‍ സ്റ്റേഷന് അനുവദിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. 2009 ജൂലൈ 27ന് കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കി. എന്നാല്‍, ഈ സ്ഥലത്തേക്കുള്ള റോഡിന് വീതി കുറവായിരുന്നു. അതിനാല്‍, അഗ്നിശമന വിഭാഗത്തിന് സ്ഥലം ഇഷ്ടപ്പെട്ടില്ല. വിശാലമാണ് നഗരസഭാ പ്രദേശം. ഇവിടെയോ സമീപ പഞ്ചായത്തുകളായ ചെങ്ങോട്ടുകാവിലോ മൂടാടിയിലോ യോജിച്ച സ്ഥലം കണ്ടത്തൊന്‍ കഴിയും. പക്ഷേ, അതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. അപകടമുണ്ടാകുമ്പോള്‍ എളുപ്പത്തില്‍ സഹായം ലഭിച്ചാല്‍ ആഘാതം കുറക്കാന്‍ കഴിയും. നിലവില്‍ വടകര, പേരാമ്പ്ര, കോഴിക്കോട് ഫയര്‍ഫോഴ്സ് യൂനിറ്റുകളെയാണ് ആശ്രയിക്കുന്നത്. 25 കിലോമീറ്ററോളം സഞ്ചരിച്ചുവേണം ഇവക്കത്തൊന്‍, അപ്പോഴേക്കും എല്ലാം അഗ്നി വിഴുങ്ങിയിരിക്കും. ഇതൊഴിവാക്കാനാണ് കൊയിലാണ്ടിയില്‍ ഫയര്‍സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തിപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.