മഴക്കാല രോഗം: മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുടങ്ങിയില്ല

കോഴിക്കോട്: മഴയത്തെിയതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുമ്പോഴും മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുടങ്ങിയില്ല. അടുത്തുതന്നെ തുടങ്ങുമെന്ന് ഒരാഴ്ചമുമ്പ് അറിയിച്ചിരുന്നു. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ വിവിധ വാര്‍ഡുകളിലായി 400ഓളം പേരെയാണ് കിടത്തി ചികിത്സിക്കുന്നത്. ഒന്നുമുതല്‍ എട്ടുവരെയും 21, 31, 36 വാര്‍ഡുകളുമടക്കം എട്ട് വാര്‍ഡുകളാണ് ജനറല്‍ മെഡിസിനിലുള്ളത്. ഈ വാര്‍ഡുകളിലായുള്ള 400ഓളം രോഗികളെ കൂടാതെ 100ഓളം പേര്‍ വരാന്തയില്‍ കിടക്കുന്നുണ്ട്. വാര്‍ഡുകള്‍ക്കു സമീപമുള്ള വരാന്തകള്‍ കൂടാതെ ജനറല്‍വരാന്തയില്‍ വരെ രോഗികള്‍ തിങ്ങിനിറഞ്ഞ് കിടക്കുകയാണ്. പ്രത്യേക വാര്‍ഡ് തുടങ്ങുകയാണെങ്കില്‍ കുറച്ചുപേരെയെങ്കിലും അങ്ങോട്ടുമാറ്റാം. നിലവില്‍ എട്ട് വാര്‍ഡുകളിലായി സേവനമനുഷ്ഠിക്കുന്നതിനുള്ള സ്റ്റാഫ് നഴ്സുമാരുടെയും കുറവുണ്ട്. പകല്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ സഹായത്തിനുണ്ടാവുമെങ്കിലും രാത്രി ഡ്യൂട്ടിയില്‍ ഒരു നഴ്സ് മാത്രമാണ് ഉണ്ടാവുക. പനി വാര്‍ഡിലേക്കായി നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍ കാലാവധി വ്യാഴാഴ്ച അവസാനിച്ചെങ്കിലും ഇതുവരെ പുതുക്കിയിട്ടില്ല. ആറ് സ്റ്റാഫ് നഴ്സ്, ആറ് നഴ്സിങ് അസിസ്റ്റന്‍റ്, മൂന്ന് ശുചീകരണത്തൊഴിലാളികള്‍ എന്നിവരെയാണ് പനി വാര്‍ഡിലേക്കായി മാത്രം നിയമിച്ചിരുന്നത്. എന്നാല്‍, വാര്‍ഡ് തുടങ്ങുന്നതിനുമുമ്പ് ഇവരുടെ കാലാവധി അവസാനിക്കുകയായിരുന്നു. വാര്‍ഡ് തുടങ്ങുന്നതിന് ഭരണപരമായ തടസ്സങ്ങളാണ് അധികൃതര്‍ ഉന്നയിക്കുന്നത്. ഉടന്‍ തുടങ്ങുന്നതിനെക്കുറിച്ചാലോചിക്കാന്‍ മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പ്രത്യേകയോഗം ചേരുന്നുണ്ട്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 31ാം വാര്‍ഡിനു സമീപമാണ് പുരുഷന്മാര്‍ക്കുള്ള പ്രത്യേക വാര്‍ഡ് തുറക്കുക. ഇതിനായി ബെഡ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കുള്ള വാര്‍ഡ് എവിടെ തുടങ്ങണമെന്ന് വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. ഇതിനകം മെഡിക്കല്‍ കോളജില്‍ തുടങ്ങിയ പനി ക്ളിനിക് നല്ലരീതിയില്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്. വ്യാഴാഴ്ച പനിക്ളിനിക്കില്‍ 76 പേരാണ് ചികിത്സ തേടിയത്തെിയത്. മെഡിസിന്‍ ഒ.പിയില്‍ 70 പേര്‍ പനിക്കായി ചികിത്സ തേടി. രാവിലെ എട്ടു മുതല്‍ രണ്ടു വരെ ഒ.പിയിലും രണ്ടു മുതല്‍ എട്ടു വരെ അത്യാഹിത വിഭാഗത്തിലുമാണ് പനി ക്ളിനിക് പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.