സുരക്ഷയില്ലാതെ നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന, വ്യാഴാഴ്ച തീപിടിത്തമുണ്ടായ മാവൂര്‍ റോഡിലെ ഷോപ്പിങ് കോംപ്ളക്സിന് ഫയര്‍ഫോഴ്സിന്‍െറ അനുമതിയില്ളെന്ന് അധികൃതര്‍. 2015ല്‍ ഫയര്‍ഫോഴ്സ് കെട്ടിടത്തിന് നല്‍കിയ സുരക്ഷാ റിപ്പോര്‍ട്ട് കെട്ടിടം നവീകരിച്ചശേഷം പുതുക്കിയിട്ടില്ളെന്ന് കോഴിക്കോട് ഫയര്‍ഫോഴ്സ് അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. നവീകരണശേഷം സുരക്ഷാമാനദണ്ഡങ്ങള്‍ മതിയായനിലയില്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ പുതുക്കാനുള്ള അപേക്ഷ നിരസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 24നാണ് പാവമണി റോഡിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സിന്‍െറ മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന്‍െറ ഫലമായാണ് അന്ന് വന്‍ദുരന്തം ഒഴിവായത്. വെന്‍റിലേഷന്‍ ഇല്ലാതെ കെട്ടിടം അടച്ചുപൂട്ടിയത് തീയണക്കാനുള്ള ഫയര്‍ഫോഴ്സിന്‍െറ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതിനുശേഷമാണ് കെട്ടിടങ്ങളില്‍ ഫയര്‍ഫോഴ്സ് പരിശോധന കര്‍ശനമാക്കിയത്. നഗരത്തിലെ പകുതിയിലധികം കെട്ടിടങ്ങളും സുരക്ഷാമാനദണ്ഡം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫയര്‍ഫോഴ്സ് കണ്ടത്തെിയിരുന്നു. ഇതില്‍ പത്തോളം കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ജില്ലാ ഫയര്‍ഫോഴ്സ് ഓഫിസര്‍ റിപ്പോര്‍ട്ടും നല്‍കി. സുരക്ഷയൊരുക്കിയില്ളെങ്കില്‍ അടച്ചുപൂട്ടാനുള്ള നോട്ടീസും നല്‍കി. എന്നാല്‍, ഇപ്പോഴും നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് തീപിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനമില്ളെന്നാണ് വ്യാഴാഴ്ചത്തെ തീപിടിത്തം വ്യക്തമാക്കുന്നത്. ഏപ്രില്‍ 24ന് ജ്വല്ലറിയിലെ തീപിടിത്തത്തിന്‍െറ സമാനസാഹചര്യമാണ് വ്യാഴാഴ്ച ഉച്ചക്ക് തീപിടിത്തമുണ്ടായ മാവൂര്‍ റോഡിലെ കെട്ടിടത്തിലേതുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. തീപിടിച്ചത് വുഡ്ലാന്‍ഡ് ഷോറൂം പ്രവര്‍ത്തിക്കുന്ന കോപ്ളക്സിലെ താഴത്തെ നിലയിലായതിനാലാണ് പെട്ടെന്ന് നിയന്ത്രണവിധേയമായത്. കെട്ടിടത്തിലെ നാലുനിലകളും മതിയായ വെന്‍റിലേഷന്‍ ഇല്ലാതെ അടച്ചുകെട്ടിയ നിലയിലാണ്. മതിയായ സുരക്ഷാസംവിധാനമില്ലാതെയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്ന് അരുണ്‍ ഭാസ്കര്‍ പറഞ്ഞു. താഴത്തെനില ഉള്‍പ്പെടെ അഞ്ചു നിലകളുള്ള കെട്ടിടത്തിന്‍െറ ടെറസ് അടച്ചുകെട്ടിയ നിലയിലാണ്. മുകളിലെ നിലയില്‍ തീപിടിത്തമുണ്ടായാലും താഴെനിന്ന് തീപടര്‍ന്നാലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിലയിലാണ് കെട്ടിടം നവീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച താഴെ തീപിടിത്തമുണ്ടായപ്പോള്‍ ഫയര്‍ എക്സിറ്റിലൂടെയും കോണിപ്പടിയിലൂടെയും മുകളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷപ്പെടാനായിരുന്നില്ല. പിറകിലൂടെ താല്‍ക്കാലിക കോണി മതിലിലേക്ക് ചാരിവെച്ചാണ് അതിസാഹസികമായി വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. മുകളിലാണ് തീപടര്‍ന്നിരുന്നതെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നെന്നും ഫയര്‍ഫോഴ്സ് ഓര്‍മിപ്പിക്കുന്നു. വ്യാഴാഴ്ചത്തെ തീപിടിത്തം സംബന്ധിച്ചും കലക്ടര്‍ക്ക് ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് അരുണ്‍ ഭാസ്കര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.