ചാലിയാര്‍ ദുരന്തം: രണ്ടു പതിറ്റാണ്ടിനു ശേഷം ഇരകള്‍ക്ക് നഷ്ടപരിഹാരം

പന്തീരാങ്കാവ്: ആറുപേര്‍ മരിച്ച ചാലിയാര്‍ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് 22ാം വര്‍ഷത്തില്‍ നഷ്ടപരിഹാരത്തിന് വിധി. 1994 ജനുവരി 26ന് പെരുമണ്ണ വെള്ളായിക്കോട് നെച്ചിക്കാട്ട് കടവില്‍ കടത്തുതോണി മറിഞ്ഞ് വിവാഹസംഘത്തിലെ ആറുപേര്‍ മരിച്ച സംഭവത്തിലാണ് രണ്ടു പതിറ്റാണ്ടിനുശേഷം ഹൈകോടതിയുടെ നഷ്ടപരിഹാര വിധിവന്നത്. മരിച്ചവരില്‍ പ്രായപൂര്‍ത്തിയായ നാലുപേരുടെ ബന്ധുക്കള്‍ക്ക് 1,99,600 രൂപ വീതവും മറ്റു രണ്ടുപേര്‍ക്ക് 90,000 രൂപ വീതവും ലഭിക്കും. കോഴിക്കോട് സബ് കോടതിയില്‍ തീര്‍പ്പായ കേസില്‍ മൂന്നാം പ്രതിയായ പെരുവയല്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ അപ്പീലിലാണ് കീഴ്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ട് ഹൈകോടതി വിധി. കേസില്‍ കടത്തുകാരന്‍ ഒന്നാം പ്രതിയും കടവ് ലേലം വിളിച്ചയാള്‍ രണ്ടാം പ്രതിയുമാണ്. കേസ് നടക്കുന്നതിനിടെ ഒന്നാം പ്രതിയായ കടത്തുകാരന്‍ മരിച്ചിരുന്നു.പുത്തൂര്‍മഠം വള്ളിക്കുന്നിലെ അഹമ്മദിന്‍െറ മകള്‍ സുലൈഖയും തിരുത്തിയാട് പൊന്നാത്ത് മോയിന്‍കുട്ടിയുടെ മകന്‍ ഒ.കെ. അബ്ദുല്‍ റഷീദും തമ്മിലുള്ള വിവാഹത്തിനിടെയാണ് അപകടം നടന്നത്. വരനെ വഹിച്ചുകൊണ്ട് വധൂഗൃഹത്തിലേക്കുള്ള യാത്രയാണ് ദുരന്തമായത്. കുറച്ച് ആളുകള്‍ക്കു മാത്രം യാത്രചെയ്യാവുന്ന കടത്തുതോണിയില്‍ 25ഓളം യാത്രക്കാര്‍ കയറിയതാണ് അപകടത്തിലേക്ക് നയിച്ചത്.പുത്തൂര്‍മഠത്തെ പൊതുപ്രവര്‍ത്തകനായ വി.പി. മൊയ്തീന്‍കോയ (36), മണ്ണില്‍കടവത്ത് നാസര്‍ (21), വെള്ളിപറമ്പ് കാട്ടില്‍പറമ്പില്‍ സൈനുദ്ദീന്‍ (20), കിണാശ്ശേരി ഉസ്മാന്‍ (28), പകിടേരി ചാലില്‍മത്തേല്‍ എം.പി. ബഷീര്‍ (14), മൂര്‍ക്കനാട് അബ്ദുല്‍ ഷാഫി (12) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT