ഗെയില്‍ പൈപ്പ്ലൈന്‍: സര്‍വേ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന്

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതികള്‍ക്കായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍വേ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോടും മലപ്പുറത്തും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഗെയില്‍ ഇന്ത്യ കോര്‍പറേറ്റഡ് കമ്യൂണിക്കേഷന്‍ ചീഫ് മാനേജര്‍ ജ്യോതികുമാര്‍ അറിയിച്ചു. സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ പൈപ്പ്ലൈന്‍ ഇടുന്നതിനുള്ള ജോലികളും ഉടന്‍ തുടങ്ങും. പദ്ധതിയുടെ ആദ്യ ഘട്ടം എറണാകുളം ജില്ലയിലെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ കമീഷന്‍ ചെയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്‍െറ രണ്ടാം ഘട്ടമെന്ന നിലയില്‍ തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2012ല്‍ കേന്ദ്ര സര്‍ക്കാറുമായുണ്ടാക്കിയ കരാര്‍പ്രകാരമാണ് വാതക പൈപ്പ്ലൈന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ജനങ്ങളുമായി വലിയ എതിര്‍പ്പുണ്ടായതോടെ പദ്ധതി തടസ്സപ്പെട്ടിരുന്നു. എന്നാല്‍, ഏറെനാളത്തെ ചര്‍ച്ചകള്‍ക്കും ബോധവത്കരണത്തിനുംശേഷം 2015ല്‍ പുനര്‍പ്രവര്‍ത്തനം തുടങ്ങിയതോടെ വേഗത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധിക്കുന്നതായി ഗെയില്‍ അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് 505 കിലോമീറ്ററിലാണ് വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുന്നത്. എറണാകുളത്തെ ബാക്കിയുള്ള ഭാഗങ്ങളിലും തൃശൂരിലും ഇതിനായുള്ള ഭൂമിയേറ്റെടുക്കല്‍ ഇപ്പോള്‍തന്നെ പൂര്‍ത്തിയായിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ അവസാന ഘട്ടത്തിലത്തെിയെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതിനുശേഷമാണ് സര്‍വേ നടപടികളുമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. എന്‍.പി. ഷക്കീര്‍, കെ. വെങ്കിടേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.