വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ ശ്രദ്ധേയമായി

കോഴിക്കോട്: നോര്‍ത് മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നടക്കാവ് ഗവ. വൊക്കേഷനല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ‘വഴിവിളക്കുകള്‍’ വികസന സെമിനാറില്‍ പുതിയ ആശയങ്ങളുമായി വിദ്യാര്‍ഥികളും പൊതുജനങ്ങളും. വികസനത്തിന്‍െറ നൂതന ആശയങ്ങള്‍ യുവതലമുറയുടെ കാഴ്ചപ്പാടിലൂടെ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രോജക്ടുകളും കണ്ടുപിടിത്തങ്ങളും അവതരിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ധിച്ചുവരുന്ന രോഗികളുടെ തിരക്ക് ഒഴിവാക്കുന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ പദ്ധതിയാണ് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ സച്ചിനും ആന്‍മേരിയും അവതരിപ്പിച്ചത്. രോഗത്തിന്‍െറ കാഠിന്യത്തിനനുസരിച്ച് രോഗികള്‍ക്ക് കാത്തുനില്‍ക്കാതെ ഡോക്ടറെ സമീപിക്കാന്‍ ഇതുവഴി സാധിക്കും. ഡോക്ടര്‍മാര്‍, ആശുപത്രികള്‍, മരുന്നുകള്‍ എന്നിവയുടെ വിവരങ്ങളും ഓണ്‍ലൈനായി ലഭിക്കും. ത്രീ ആര്‍ ലൈറ്റിങ് സൊലൂഷന്‍സ് എന്ന ബദല്‍ വെളിച്ചസംവിധാനമാണ് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ സ്റ്റെഫി ആന്‍ ലിബേറ, എസ്.ഡി. അഭിനന്ദ്, എന്‍. ഗായത്രി, പി.വി. റസ്ലീന, എ. അക്ഷയ എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ചത്. അറീന ഹൈജീന്‍ സൊലൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. റീന അനില്‍കുമാര്‍ മോഡറേറ്ററായി. ആര്‍ക്കിടെക്ട് നൗഫല്‍ സി. ഹാഷിം, ജി.ഐ.ടി കാലിക്കറ്റ് കമ്പനി സി.ഇ.ഒ പ്രേംചന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാദേശിക വികസന ചര്‍ച്ചകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഞായറാഴ്ച രാവിലെ 9.30ന് വിദ്യാഭ്യാസമേഖലയിലെ ബഹുമുഖ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. സജി ഗോപിനാഥ്, ഡോ. ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.