കുംഭച്ചൂടില്‍ ജില്ല ചുട്ടുപൊള്ളുന്നു

കോഴിക്കോട്: കനത്ത ചൂടില്‍ ജില്ലയാകെ ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ നഗരത്തിലും പരിസരങ്ങളിലും തീപിടിത്തവും ജലക്ഷാമവും ജനജീവിതം ദുരിതപൂര്‍ണമാക്കി. സംസ്ഥാന വ്യാപകമായുള്ള താപനിലയില്‍ കഴിഞ്ഞ ഏതാനും ദിവസമായി കോഴിക്കോട് ഉയര്‍ന്ന നിലയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച കണ്ണൂരും തൃശൂരും 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോടും കൊച്ചിയിലുമിത് 37 ഡിഗ്രിയാണ്. ഏറ്റവും കൂടുതല്‍ ചൂട് 39 ഡിഗ്രി പാലക്കാടാണ്. കഴിഞ്ഞ ഏതാനും ദിവസമായി കോഴിക്കോടും പരിസരത്തും 39 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയതോടൊപ്പം നഗരത്തിലും പരിസരങ്ങളിലുമായി അഗ്നിബാധയും മറ്റും ഉണ്ടായിരുന്നു. കനത്ത ചൂടില്‍ നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ടയറില്‍നിന്ന് പുക ഉയര്‍ന്നതും മൊബൈല്‍ ജനറേറ്ററിന് തീപിടിച്ചതും മിഠായിത്തെരുവിലും കല്ലുത്താന്‍കടവ് കോളനിയിലും തീപിടിത്തമുണ്ടായതിനും ചൂട് കാരണമായി. നഗരത്തില്‍ മാത്രമല്ല, ഗ്രാമീണ മേഖലയിലും അടിക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും അടിക്കടി തീപിടിക്കുന്നതില്‍ ആളുകള്‍ പരിഭ്രാന്തരാണ്. ഫെബ്രുവരിയില്‍ മാത്രം ജില്ലയിലെ വിവിധ ഫയര്‍സ്റ്റേഷനുകള്‍ 100ല്‍പരം തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതായി ഫയര്‍ ആന്‍ഡ് സേഫ്റ്റി അധികൃതര്‍ പറയുന്നു. ഇതിനുപുറമെയാണ് രൂക്ഷമായ കുടിവെള്ളക്ഷാമം. ജില്ലയില്‍ പലയിടത്തും ഇപ്പോഴേ കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങി. കടുത്ത വരള്‍ച്ചയാണ് വരാനിരിക്കുന്നതെന്ന ഭീതിയിലാണ് നാട്ടുകാര്‍. ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയത്. കുടിവെള്ളം ലഭിക്കാതെ വലിയ പ്രയാസമാണ് ജനങ്ങള്‍ നേരിടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുന്നുകളെല്ലാം ഇടിച്ചുനിരത്തിക്കഴിഞ്ഞു. വയലുകള്‍ നികത്തുന്നതും വ്യാപകമാണ്. മരങ്ങള്‍ വ്യാപകമായി വെട്ടിമാറ്റപ്പെടുന്നതും അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം ചൂട് വര്‍ധിക്കാനും ജലനിരപ്പ് താഴാനും കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭൂഗര്‍ഭ ജലം ഒന്നുമുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത വരള്‍ച്ചക്ക് സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. വരള്‍ച്ചയും തീപിടിത്തവും മുന്നില്‍ക്കണ്ട് ആവശ്യമായ നടപടികളൊന്നും അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ജലസ്രോതസ്സുകളുടെ പുനരുദ്ധാരണപ്രവൃത്തി ഉള്‍പ്പെടെ കാര്യങ്ങളെക്കുറിച്ച് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം തേടിയിട്ടുണ്ട്. വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടത്തെുകയും അവിടെ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും തദ്ദേശ സ്ഥാപനങ്ങളോ ജില്ലാ ഭരണകൂടമോ മുന്‍കരുതല്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഉപയോഗശൂന്യമായ ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാന്‍ ജലവിഭവവകുപ്പിന്‍െറ നിര്‍ദേശമുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. ജലക്ഷാമം നേരിടാനുള്ള മുന്‍കരുതലിനായി ജില്ലാ ഭരണകൂടം നല്‍കുന്ന മാസ്റ്റര്‍ പ്ളാന്‍ അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പദ്ധതി തയറാക്കുക. എന്നാല്‍, ഇതിനുള്ള പ്രാഥമിക നടപടിപോലും ഇതുവരെ എങ്ങുമത്തെിയിട്ടില്ല. വരുന്ന മാസങ്ങളില്‍ താപനില കൂടുതല്‍ ഉയരുന്നതോടെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനമാകെ സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ ഒരു ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ചൂടുകൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് നാലു ഡിഗ്രി വരെ കൂടുതലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ച് അവസാനം മാത്രമേ വേനല്‍ മഴ പ്രതീക്ഷിക്കുന്നുള്ളൂ. അതുവരെ കടുത്ത ചൂട് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT