മാലിന്യ സംസ്കരണത്തിന് മൂന്നു പദ്ധതികള്‍

കോഴിക്കോട്: നഗര മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂന്നു പദ്ധതികള്‍കൂടി നടപ്പാക്കാന്‍ കോര്‍പറേഷന്‍ ആലോചന. പദ്ധതികളെപ്പറ്റി മേയര്‍ വി.കെ.സി. മമ്മദ് കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തു. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാമുഖ്യം നല്‍കുന്ന ഡോ. റീന അനില്‍കുമാറിന്‍െറയും ഫ്ളാറ്റുകളില്‍ മാലിന്യം സംസ്കരിക്കുന്ന ക്രെഡായ് കൊച്ചിയുടെയും രണ്ടു കൊല്ലംകൊണ്ട് സമ്പൂര്‍ണ മാലിന്യമുക്ത നഗരം ലക്ഷ്യമിടുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറയും പദ്ധതികളാണ് വെള്ളിയാഴ്ച കൗണ്‍സിലില്‍ അവതരിപ്പിച്ചത്. പദ്ധതികള്‍ അടുത്ത ആരോഗ്യ സ്ഥിരം സമിതി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാനും അതിനുശേഷം കൗണ്‍സില്‍ തീരുമാനത്തിന് വിധേയമായി നടപ്പാക്കാനും തീരുമാനമായി. നഗരത്തിലെ അഞ്ചോ ആറോ വാര്‍ഡുകളില്‍ ആദ്യഘട്ടത്തില്‍ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാനാണ് ശ്രമം. ടൗണിലെ 49 ശതമാനം മാലിന്യവും വീടുകളില്‍ നിന്നുള്ളതാണെന്ന് ഉറവിട മാലിന്യ സംസ്കരണത്തെപ്പറ്റി വിശദീകരിച്ച ഡോ. റീന അനില്‍ കുമാര്‍ പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയാണ് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കേണ്ടത്. 25 ലിറ്റര്‍ കൊള്ളുന്ന പ്ളാസ്റ്റിക് കൊട്ടയില്‍ ചാക്കില്‍ സൂക്ഷ്മജീവികളെയും മാലിന്യവും ഇടകലര്‍ത്തിയിട്ട് 25 ദിവസത്തിനകം വളമാക്കിയെടുക്കുന്ന പദ്ധതി നടപ്പാക്കാനാണ് ശ്രമം. ചാക്ക് നേരിട്ട് ചെടികള്‍ വളര്‍ത്താന്‍ ഉപയോഗിക്കാനുമാകും. ബയോഗ്യാസ്, പൈപ്പ് കമ്പോസ്റ്റ് തുടങ്ങി നേരത്തേ നടപ്പാക്കിയ സംവിധാനമുള്ളവര്‍ക്ക് അതുതന്നെ തുടരാം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാവും വീടുകളില്‍ മാലിന്യം സംസ്കരിക്കുന്നത് നിരീക്ഷിക്കാനും മറ്റുമുള്ള ചുമതല. പരിസ്ഥിതി മാനേജര്‍ എന്ന നിലയിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ ഉയര്‍ത്തി റെസിഡന്‍റ്സ് അസോസിയേഷന്‍െറ സജീവ പങ്കാളിത്തത്തോടെ ശക്തമായ വാര്‍ഡുതല സമിതികളുടെ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക. വീടുകളില്‍നിന്ന് ഇതിനായി 200 രൂപയെങ്കിലും സമാഹരിക്കേണ്ടിവരും. കൊച്ചിയിലും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലും വന്‍ വിജയമായ ഫ്ളാറ്റുകളിലെ മാലിന്യ സംസ്കരണ രീതി തന്നെയാണ് കോഴിക്കോട്ട് നടപ്പാക്കുക. ശുചിത്വ സാക്ഷരതയിലൂടെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന യജ്ഞമാണ് പ്രഫ. ശ്രീധരന്‍ അവതരിപ്പിച്ച ശാസ്ത്രസഹിത്യ പരിഷത്ത് ആഭിമുഖ്യത്തിലുള്ള പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഞെളിയന്‍പറമ്പിനെ സിറ്റി ബയോ പാര്‍ക്കാക്കി മാറ്റാനാവും. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, അഡ്വ. പി.എം. നിയാസ്, നമ്പിടി നാരായണന്‍, കെ.ടി. ബീരാന്‍ കോയ, വിദ്യ ബാലകൃഷ്ണന്‍, സി. അബ്ദുറഹ്മാന്‍, എം.സി. കുഞ്ഞാമുട്ടി, പി.പി. ബീരാന്‍ കോയ, അഡ്വ. തോമസ് മാത്യു, പൊറ്റങ്ങാടി കിഷന്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.