മെഡി. കോളജില്‍ കാഷ്വാലിറ്റി കോംപ്ളക്സ് നിര്‍മാണം ഉടന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്ക് എതിര്‍വശമുള്ള വനിതാ ഹോസ്റ്റല്‍ പൊളിച്ചുതുടങ്ങി. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജന പദ്ധതിപ്രകാരം കാഷ്വാലിറ്റി കോംപ്ളക്സ് നിര്‍മിക്കാനാണ് ഹോസ്റ്റല്‍ പൊളിക്കുന്നത്. 15ലക്ഷം രൂപക്കാണ് ഹോസ്റ്റല്‍ പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ പറഞ്ഞു. പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു ദിവസമായി. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി തിരിച്ചുനല്‍കണമെന്നാണ് കരാര്‍. തുടര്‍ന്ന് കാഷ്വാലിറ്റി കോംപ്ളക്സ് നിര്‍മാണം തുടങ്ങും. 170 കുട്ടികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. അതില്‍ 110 പേരെ ഹൗസ്സര്‍ജന്‍സ് ഹോസ്റ്റലിലേക്ക് മാറ്റി. ബാക്കിയുള്ളവരെ നിലവിലെ ഒരു മെന്‍സ് ഹോസ്റ്റല്‍ വനിതാ ഹോസ്റ്റലാക്കി മാറ്റിയാണ് താമസിപ്പിച്ചിരിക്കുന്നത്. പുതിയ വനിതാ ഹോസ്റ്റലിന്‍െറ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ട്. കുറച്ചു ജോലികള്‍ കൂടി ബാക്കിയുണ്ട്. അത് തീര്‍ത്ത് വൈദ്യുതി കണക്ഷന്‍ ലഭിക്കുകകൂടി ചെയ്താല്‍ പുതിയ ഹോസ്റ്റലിലേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിക്കാനാവുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കാഷ്വാലിറ്റി കോംപ്ളക്സ് നിര്‍മാണം ഇനിയും നീണ്ടുപോകാതിരിക്കാനാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ വിദ്യാര്‍ഥിനികളെ ഒഴിപ്പിച്ചത്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായാണ് ഏഴുനില കെട്ടിടം ഒരുങ്ങുക. മൂന്നു വര്‍ഷം മുമ്പാണ് പി.എം.എസ്.എസ്.വൈ പദ്ധതിയുടെ മൂന്നാം ഘട്ടമായി ഇന്ത്യയിലൊട്ടാകെ 14 മെഡിക്കല്‍ കോളജുകളുടെ നിലവാരമുയര്‍ത്തുന്നതിന് ഓരോ കോളജുകള്‍ക്കും 150 കോടി വീതം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 16,263 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ ആധുനിക അത്യാഹിത വിഭാഗം, തിയറ്റര്‍ കോംപ്ളക്സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ് പണിയുന്നത്. ആശുപത്രിയിലെ ഓരോ വിഭാഗവും ആവശ്യപ്പെടുന്ന ഉപകരണങ്ങളും സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കും. കെട്ടിട നിര്‍മാണം, ഇലക്ട്രിക്കല്‍, എയര്‍ കണ്ടീഷനിങ്ങ്, പ്ളംബിങ് തുടങ്ങിയ സിവില്‍ ജോലികള്‍ക്കും ഉപകരണങ്ങള്‍ക്കുമടക്കമാണ് 150 കോടി രൂപ അനുവദിച്ചത്. എച്ച്.ഐ.ടി.ഇ.എസിനാണ് (എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്) കരാര്‍. സിവില്‍ പാര്‍ട്ടിന്‍െറ ജോലി തീര്‍ക്കാനായി 73കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് എച്ച്.എല്‍.എല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നാസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.