കോഴിക്കോട്: അമിതവേഗവും മത്സരയോട്ടവും കാരണം സ്വകാര്യ ബസുകളുണ്ടാക്കുന്ന അപകടങ്ങള്‍ പതിവായിട്ടും നിയമപ്രകാരമുള്ള മുന്‍കരുതല്‍ പാലിക്കുന്നതില്‍ അനാസ്ഥ. കഴിഞ്ഞദിവസം അരയിടത്തുപാലത്തുണ്ടായ വന്‍ദുരന്തത്തിന് ശേഷവും സ്വകാര്യ ബസ് ക്ളീനര്‍മാര്‍ യൂനിഫോമും നെയിംപ്ളേറ്റും ധരിക്കണമെന്നുള്ള നിയമമുള്‍പ്പെടെ പാലിക്കുന്നതില്‍ ജീവനക്കാരും അധികൃതരും വീഴ്ചവരുത്തുകയാണ്. ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹനവകുപ്പും പൊലീസും ആവശ്യമായ നടപടിയെടുക്കാത്തതും ജീവനക്കാരുടെ നിസഹകരണവുമാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ് നടപ്പാക്കത്തതിന് പിന്നില്‍. സ്വകാര്യ ബസ് ക്ളീനര്‍മാര്‍ യൂനിഫോമും നെയിംപ്ളേറ്റും ധരിക്കണമെന്ന് നിഷ്കര്‍ഷിച്ച് 14 വര്‍ഷംമുമ്പ് പുറത്തിറങ്ങിയ ഉത്തരവ് പ്രായോഗികമാക്കുന്നതിലാണ് വീഴ്ച. ബസ് ക്ളീനര്‍മാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം വര്‍ധിച്ചതിന്‍െറ ഫലമായാണ് 2002ല്‍ നിയമത്തില്‍ ഭേദഗതിവരുത്തി യൂനിഫോമും പേരും വേണമെന്ന ചട്ടം കൊണ്ടുവന്നത്. ക്ളീനര്‍മാര്‍ക്ക് നേവി ബ്ളൂ നിറത്തിലുള്ള പാന്‍റും രണ്ട് പോക്കറ്റോടുകൂടിയുള്ള അരകൈ ഷര്‍ട്ടും ഷര്‍ട്ടിന്‍െറ വലത്തെ പോക്കറ്റിനുമുകളില്‍ വെള്ള പ്ളാസ്റ്റിക് പ്രതലത്തില്‍ കറുത്ത അക്ഷരത്തോടുകൂടിയ നെയിം ബാഡ്ജും നിര്‍ബന്ധമാക്കിയിരുന്നു. മോട്ടോര്‍ വാഹനനിയമം ലംഘിക്കാതെ മര്യാദയാടും സംസ്കാരത്തോടും പെരുമാറുക, പാന്മസാല പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക, യാത്രക്കാരെ ‘ഇന്‍റര്‍വ്യൂ’ ചെയ്യുന്നത് ഒഴിവാക്കുക, വാഹനത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക് തടസ്സമാകുന്ന രീതിയില്‍ വാതിലില്‍ നില്‍ക്കരുത് തുടങ്ങിയ വ്യവസ്ഥകളടങ്ങിയ പെരുമാറ്റച്ചട്ടം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. യാത്രക്കാര്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഡോറില്‍ നിന്ന് സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ശല്യമുണ്ടാക്കുന്നത് തുടരുന്നതായാണ് പരാതി. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുക, യാത്രക്കാരെ ‘ഇന്‍റര്‍വ്യൂ’ ചെയ്യുക, മോശമായി പെരുമാറുക, ഡോറില്‍ ശക്തിയായി അടിച്ച് ചെറുവാഹനങ്ങളെ പേടിപ്പെടുത്തുക തുടങ്ങി എല്ലാ പെരുമാറ്റച്ചട്ടവും ലംഘിക്കുന്നത് തുടരുകയാണ്. കേരള മോട്ടോര്‍ വാഹനചട്ടം 153 പ്രകാരം ജീവനക്കാരുടെ പ്രവര്‍ത്തികള്‍ക്ക് ഉടമക്കും ഉത്തരവാദിത്തമുണ്ട്. പെര്‍മിറ്റ് കണ്ടീഷന്‍കൂടിയായ ഈ വകുപ്പ് ലംഘിച്ചാല്‍ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാം. ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2013 ഡിസംബറില്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിയമം പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2014 മാര്‍ച്ചില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നെങ്കിലും ഒരു ബസിനെതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കാനും മതിയായ പരിശോധനകള്‍ നടത്താനും അധികൃതര്‍ മടികാണിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.