നഗരത്തില്‍ 24 മണിക്കൂര്‍ വണ്‍വേ വീണ്ടും താറുമാറായി

കോഴിക്കോട്: രാത്രികാലങ്ങളിലെ അപകടം കുറക്കുന്നതിന് നഗരപരിധിയില്‍ പുന$സ്ഥാപിച്ച 24 മണിക്കൂര്‍ വണ്‍വേ സംവിധാനം വീണ്ടും താറുമാറായി. ജങ്ഷനുകളില്‍ പൊലീസ് സാന്നിധ്യമില്ലാതായതിനെ തുടര്‍ന്നാണ് രാത്രി വണ്‍വേ സംവിധാനം വീണ്ടും തലതിരിഞ്ഞത്. നിയമാനുസൃതം യാത്ര ചെയ്യുന്നവരുടെ ജീവന് ഭീഷണിയാവും വിധത്തിലാണ് രാത്രിയില്‍ ഇപ്പോള്‍ നഗരത്തിലെ ഗതാഗതം. രാത്രി എട്ടുമുതല്‍ വണ്‍വേ സംവിധാനം പൂര്‍ണമായും നടപ്പാക്കാനായിരുന്നു സിറ്റിപൊലീസ് കമീഷണര്‍ ഉമ ബെഹ്റ നിര്‍ദേശിച്ചിരുന്നത്. സേനാംഗങ്ങളുടെ അംഗബലക്കുറവ് സിറ്റി പൊലീസില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാത്രി വണ്‍വേ സംവിധാനം സ്ഥിരമായി നടപ്പാക്കുമെന്ന് കമീഷണര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, കമീഷണര്‍ നല്‍കിയ ഉറപ്പിന് രണ്ടാഴ്ചയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വണ്‍വേ സംവിധാനം നടപ്പാക്കാന്‍ പൊലീസുകാരുടെ സാന്നിധ്യം രാത്രിയിലുണ്ടാവുന്നില്ളെന്നാണു രാത്രിയാത്രക്കാര്‍ പറയുന്നത്. രാത്രി വണ്‍വേ ലംഘിക്കുന്നവര്‍ക്ക് 500 രൂപയാണ് പിഴ. എന്നാല്‍, ഈ പിഴ ചുമത്താന്‍ പൊലീസുകാരെ വിന്യസിപ്പിക്കുന്നില്ല. ഇംഗ്ളീഷ്പള്ളി ജങ്ഷന്‍, കിഴക്കേനടക്കാവ്, പട്ടാളപ്പള്ളിക്കു മുന്‍വശം, പുഷ്പ ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി രാത്രിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങളിലായി ഈ സ്ഥലങ്ങളില്‍ പൊലീസ് സേവനമില്ല. ഇതോടെ ഇതരസംസ്ഥാന ലോറികളും മറ്റു വാഹനങ്ങളും വണ്‍വേ തെറ്റിച്ച് കുതിക്കുകയാണ്. പൊലീസ് നിര്‍ദേശപ്രകാരം നിയമാനുസൃതമായി യാത്രചെയ്യുന്നവര്‍ക്ക് ഭീതിജനകമാം വിധത്തിലാണ് വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ കടന്നുവ രുന്നത്. മുന്‍ സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സനായിരുന്നു രാത്രി വണ്‍വേ സംവിധാനം ആരംഭിച്ചത്. വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങളെ പൊലീസ് പിടികൂടിയ സമയങ്ങളില്‍ അപകടങ്ങളും കുറഞ്ഞിരുന്നു. എന്നാല്‍, ആവശ്യത്തിന് പൊലീസുകാരുടെ സേവനമുപയോഗപ്പെടുത്താന്‍ കഴിയാതിരുന്നതോടെ ഗതാഗത പരിഷ്കരണം പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചില്ല. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ ലോറികള്‍ വരെ പൊലീസുകാരുടെ മുന്നിലൂടെയാണു നിയമംതെറ്റിച്ചു പോവുന്നതെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. കണ്ണൂര്‍ റോഡില്‍ ഇംഗ്ളീഷ് പള്ളി മാര്‍ക്കറ്റ് ജങ്ഷനിലും വയനാട് റോഡില്‍ മാവൂര്‍ റോഡ് ജങ്ഷനിലും പട്ടാള പള്ളി ജങ്ഷനിലും സി.എസ്.ഐ ജങ്ഷനിലും പുഷ്പ ജങ്ഷനിലുമാണ് രാത്രിസമയത്ത് വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ കുതിച്ചിരുന്നത്. പാവമണി റോഡില്‍നിന്ന് വലത്തേക്കുതിരിയുന്ന വാഹനങ്ങളും സി.എച്ച് മേല്‍പ്പാലം ഇറങ്ങി വയനാട് റോഡില്‍ പ്രവേശിക്കാന്‍ വണ്‍വേ തെറ്റിക്കുന്നവരും കുറവായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.