കാരുണ്യയാത്രയില്‍ സമാഹരിച്ച തുക കൈമാറി

ബാലുശ്ശേരി: കാരുണ്യയാത്രയില്‍ സമാഹരിച്ച സഹായധനം കൈമാറി. ഇരുവൃക്കകളും തകരാറിലായി വിദഗ്ധ ചികിത്സക്കായി കാത്തിരിക്കുന്ന ഉണ്ണികുളം എം.എം പറമ്പിലെ ഷബീബക്കും പാവണ്ടൂരിലെ സുല്‍ഫത്തിനും കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായംതേടുന്ന ഉണ്ണികുളത്തെ സുരേഷിനും കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ നടത്തിയ കാരുണ്യയാത്രയില്‍ സ്വരൂപിച്ച സഹായധനമായ 12,44,661 രൂപ വ്യാഴാഴ്ച ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് പരിസരത്തുനടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി മൂവര്‍ക്കുമായി കൈമാറി. ഒരാള്‍ക്ക് 4,14,887 രൂപ വീതമാണ് നല്‍കിയത്. ബാലുശ്ശേരി-കോഴിക്കോട് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരി 18നാണ് ഈ റൂട്ടിലെ 28ഓളം സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തിയത്. ജീവനക്കാര്‍ ആരുംതന്നെ തങ്ങളുടെ വേതനം കൈപ്പറ്റാതെ സഹായനിധിയുമായി സഹകരിച്ചു. ബസ്യാത്രക്കാരും സ്കൂള്‍, കോളജ്, ഐ.ടി.ഐ വിദ്യാര്‍ഥികളും സ്വരൂപിച്ച ധനസഹായവും നല്‍കിയിരുന്നു. മൂവരുടെയും ചികിത്സക്കായി 40 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ചികിത്സക്കായി ഇനിയും തുക കണ്ടെത്തേണ്ടതുണ്ട്. ബസ്സ്റ്റാന്‍ഡ് പരിസരത്തുനടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രനാഥ്, എസ്.ഐ ശ്രീനിവാസന്‍, പി. രാജന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, പി.പി. രവി, പി.കെ. സുനീര്‍, അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.