പ്ളാന്‍റ് അടച്ചുപൂട്ടേണ്ടെന്ന് സര്‍വകക്ഷിയോഗം

നാദാപുരം: നാദാപുരം മാലിന്യപ്ളാന്‍റിനെതിരെ കര്‍മസമിതി നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന സമരം ശക്തമായി. രണ്ടാം ദിവസവും പ്ളാന്‍റിലേക്കുള്ള മാലിന്യവണ്ടി സമരക്കാര്‍ തടഞ്ഞു. പ്ളാന്‍റിലേക്കുള്ള റോഡില്‍ സ്ത്രീകളടക്കമുള്ള സമരക്കാര്‍ കുത്തിയിരുന്നാണ് ഉപരോധം തീര്‍ത്തത്. മാലിന്യവണ്ടി തടഞ്ഞതോടെ നാദാപുരം, കല്ലാച്ചി ടൗണുകളില്‍നിന്ന് മാലിന്യം കൊണ്ടുപോകാന്‍ വഴിയില്ലാതായി. തടഞ്ഞുവെച്ച വണ്ടി പ്ളാന്‍റ് റോഡില്‍നിന്ന് നീക്കം ചെയ്യാത്തതിനാല്‍ സമരക്കാര്‍ റോഡില്‍ പന്തല്‍കെട്ടി രാത്രിയിലും സമരം തുടരുകയാണ്. പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്ന പ്ളാന്‍റ് അടച്ചുപൂട്ടുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നാണ് കര്‍മസമിതി നിലപാട്. നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസിന് ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. മാലിന്യവണ്ടി സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ വ്യാഴാഴ്ച ഏറെനേരം അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും ഫലംകണ്ടില്ല. പ്ളാന്‍റിനുള്ളിലെ പ്ളാസ്റ്റിക് മാലിന്യം മുഴുവന്‍ നീക്കംചെയ്യാമെന്നും പ്ളാന്‍റ് പ്രവര്‍ത്തനം സുതാര്യമാക്കാന്‍ കാമറ സ്ഥാപിക്കുകയും ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാമെന്നുമുള്ള ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിര്‍ദേശം സമരസമിതിക്കാര്‍ തള്ളിയതോടെയാണ് സമരം ശക്തമാക്കിയത്. സഹീര്‍ കരിങ്ങാണിന്‍റവിട, മുഹ്സിന്‍ അരയാലുള്ളതില്‍ പി. ഹാമില്‍, പാലോറ ശങ്കരന്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ തുടങ്ങിയ സമരം രാത്രിയിലും തുടരുകയാണ്. അതേസമയം, മാലിന്യസംസ്കരണ പ്ളാന്‍റ് അടച്ചുപൂട്ടണമെന്ന കര്‍മസമിതി ആഹ്വാനം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തള്ളി. സര്‍വകക്ഷി പ്രതിനിധികള്‍ സമരക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. പ്ളാന്‍റിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് മുടങ്ങിയത് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞികൃഷ്ണന്‍ (സി.പി.എം), സി.വി. കുഞ്ഞികൃഷ്ണന്‍ (കോണ്‍), എം.പി. സൂപ്പി (ലീഗ്), മണ്ടോടി ബഷീര്‍ മാസ്റ്റര്‍, വി.വി. മുഹമ്മദലി, കെ.ടി.കെ. ചന്ദ്രന്‍, കുരുമ്പത്തേ് കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.