വിദ്യാര്‍ഥികള്‍ കയറിയ ഗുഡ്സ് ഓട്ടോ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്

വളയം: വാഹനം കിട്ടാതെ വലഞ്ഞ വിദ്യാര്‍ഥികള്‍ കയറിയ ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവറും വിദ്യാര്‍ഥികളുമടക്കം എട്ടുപേര്‍ക്ക് പരിക്ക്. ഗുഡ്സ് ഓട്ടോ മതിലിലിടിച്ച് മറിഞ്ഞാണ് അപകടം. കല്ലുനിര കാലികുളമ്പ് റോഡില്‍ പൈയേരികാവ് പാലത്തിന് സമീപമുളള ഇറക്കത്തിലാണ് അപകടം.വളയം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ എ.കെ. മിഥുന്‍ (14), വണ്ണാര്‍കണ്ടിയില്‍ ഷിതില്‍ ശശി (14), വാതുക്കല്‍ പറമ്പത്ത് അഭിമന്യു (14), വേങ്ങകുന്നുമ്മല്‍ അശ്വിന്‍ കൃഷ്ണ(14), പുഞ്ചയില്‍ അബിന്‍ (14), ആലത്താംകണ്ടി സിബില്‍(14), അശ്വല്‍ (16) ഓട്ടോ ഡ്രൈവര്‍ ചാത്തന്‍കണ്ടിയില്‍ ജിജിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുളളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. യാത്രാക്ളേശം രൂക്ഷമായ പ്രദേശമായ മലയോരത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിന്നില്‍ കയറിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കണ്ടിവാതുക്കല്‍, ആയോട് പ്രദേശങ്ങളിലുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വാഹനമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ നടന്നാണ് സ്കൂളിലത്തെുന്നത്. റോഡുണ്ടെങ്കിലും പ്രദേശത്തേക്ക് ബസ് സര്‍വിസുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ഇതുവഴി വരുന്ന വാഹനങ്ങളില്‍ കയറിപ്പറ്റിയാണ് സ്കൂളിലത്തെുന്നതും വീടണയുന്നതും. പിന്നാക്കം നില്‍ക്കുന്ന, ആദിവാസി മേഖലകൂടിയാണിത്. ഇവിടേക്ക് ബസ് സര്‍വിസ് ആരംഭിക്കാന്‍ അടിയന്തര നടപടിവേണമെന്ന് നാട്ടുകാര്‍ നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.