ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ കുറഞ്ഞ വേതനം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിനു കീഴിലെ ഐ.എച്ച്.ആര്‍.ഡി കോളജുകളിലെ ബഹുഭൂരിപക്ഷം വരുന്ന ഗെസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം. പി.ജിയും നെറ്റും യോഗ്യതയുള്ള അധ്യാപകര്‍, പിടിച്ചുനില്‍ക്കാനാവാതെ രംഗംവിടുകയാണ്. 13,000 മുതല്‍ 14,000 രൂപ വരെയാണ് ഗെസ്റ്റ് അധ്യാപകര്‍ക്ക് പ്രതിമാസം ലഭിക്കുന്നത്. മാസത്തില്‍ 20 ദിവസവും ഇവര്‍ കോളജുകളിലത്തെുകയും വേണം. എല്‍.പി സ്കൂളില്‍ 850 രൂപ ദിവസക്കൂലി നല്‍കുന്നിടത്താണ് പി.ജിയും ഉയര്‍ന്ന യോഗ്യതയുമുള്ളവരുടെ ഈയവസ്ഥ. കോളജുകളിലെ അധ്യാപകരില്‍ ഭൂരിപക്ഷം പേരെയും ഓരോവര്‍ഷത്തേക്ക് ഗെസ്റ്റ് അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഇത് കോളജുകളിലെ പഠനനിലവാരത്തെയും ബാധിക്കുന്നുണ്ട്. കുറച്ചുപേരെയാണ് സ്ഥിരാധ്യാപകരായി നിയമിച്ചത്. അനധ്യാപകരുടെ കാര്യവും പരിതാപകരമാണ്. കോളജ് ഓഫ് അപൈ്ളഡ് സയന്‍സ് എന്ന പേരില്‍ 44 സ്ഥാപനങ്ങളാണ് ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ സംസ്ഥാനത്തുള്ളത്. ഒമ്പത് എന്‍ജിനീയറിങ് കോളജുകളും എട്ട് പോളിടെക്നിക്കുകളും 15 സ്കൂളുകളും വേറെയുമുണ്ട്. സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ വിദ്യാര്‍ഥികളില്‍നിന്ന് സമാഹരിക്കുന്ന ഫീസാണ് വരുമാന മാര്‍ഗം. ഫീസില്‍ വര്‍ധന വരുത്തിയെങ്കിലും വേതനത്തില്‍ മാറ്റമൊന്നുമില്ളെന്നതാണ് ശ്രദ്ധേയം. ആയിരക്കണക്കിന് പേര്‍ പഠിക്കുന്ന കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാറും കാര്യമായി ഇടപെടുന്നില്ളെന്നാണ് പരാതി. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനുമായാണ് ഐ.എച്ച്.ആര്‍.ഡിയുടെ ഭരണ സമിതി. അതേസമയം, 10ാം ശമ്പള കമീഷന്‍ നടപ്പാക്കുന്നതോടെ ശമ്പളം വര്‍ധിക്കുമെന്ന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍ മാധ്യമത്തോട് പറഞ്ഞു. ശമ്പള വര്‍ധന ശിപാര്‍ശ രണ്ടാഴ്ചക്കകം ചേരുന്ന നിര്‍വാഹക സമിതിയോഗത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.