നീന്തല്‍ക്കുളം: കൈയേറ്റം ഒഴിപ്പിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നിയമ നടപടിക്ക്

കോഴിക്കോട്: സൗത് ബീച്ചില്‍ നീന്തല്‍ക്കുളം നിര്‍മാണം തുടങ്ങിയ സ്ഥലം കൈയേറിയത് ഒഴിപ്പിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രംഗത്ത്. ഒന്നരയേക്കറോളമുള്ള ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയങ്ങാടിക്ക് സമീപമായുള്ള സ്ഥലം നിലവില്‍ ലോറി സ്റ്റാന്‍ഡായി മാറിയിരിക്കയാണ്. തുറമുഖ വകുപ്പില്‍നിന്ന് രണ്ടായിരത്തിലാണ് പ്രസ്തുത ഭൂമി സ്പോര്‍ട്സ് കൗണ്‍സില്‍ പാട്ടത്തിന് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മിക്കാന്‍ നടപടി തുടങ്ങി. 50 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള കുളം നിര്‍മിക്കാന്‍ ഒന്നരക്കോടിയോളം രൂപയാണ് വകയിരുത്തിയത്. ഏഴുമാസംകൊണ്ട് പ്രവൃത്തിയുടെ അമ്പതുശതമാനം പൂര്‍ത്തിയായി. എന്നാല്‍, ഇതിനിടെ പദ്ധതി കടലാമകള്‍ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞ് ചിലര്‍ രംഗത്തുവരുകയും കോടതിയെ സമീപിക്കുകയുമുണ്ടായി. കേസ് ആറുവര്‍ഷത്തോളം നീളുകയും അവസാനം സ്പോര്‍ട്സ് കൗണ്‍സിലിനനുകൂലമായി വിധി ലഭിക്കുകയും ചെയ്തു. ഇതോടെ വീണ്ടും പ്രവൃത്തി ആരംഭിക്കാന്‍ ശ്രമമുണ്ടായെങ്കിലും പഴയ ടെന്‍ഡര്‍ തുകക്ക് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ കൂട്ടാക്കിയില്ല. പിന്നീട് പല തവണ ടെന്‍ഡര്‍ തുക വര്‍ധിപ്പിച്ചെങ്കിലും ഫണ്ടിന്‍െറ അപര്യാപ്തത കാരണം പ്രവൃത്തി പുനരാരംഭിക്കാനായില്ല. സ്ഥലത്തിന് നഗരം വില്ളേജ് ഓഫിസില്‍ ഒരോ വര്‍ഷവും 77,500 രൂപതോതില്‍ പാട്ടത്തുക അടച്ചതായും അവസാനം തുകയടച്ചത് കഴിഞ്ഞ ജൂണ്‍ 28നാണെന്നും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി പറഞ്ഞു. നീന്തല്‍ക്കുളത്തിന്‍െറ പ്രവൃത്തി നിലച്ചതിനുപിന്നാലെ തുറമുഖ വകുപ്പിന്‍െറ മൗനാനുവാദത്തോടെ സ്ഥലം ലോറി സ്റ്റാന്‍ഡാക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കുകയും ചുറ്റുമതില്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരുവശത്തായി താല്‍ക്കാലിക ഷെഡ് നിര്‍മിച്ചിട്ടുമുണ്ട്. നീന്തല്‍ക്കുളത്തിന്‍െറ അടിത്തട്ടിന്‍െറ പ്രവൃത്തി പൂര്‍ത്തിയായ ഭാഗത്താണിപ്പോള്‍ ലോറികള്‍ നിര്‍ത്തുന്നത്. ഇവിടേക്ക് പ്രത്യേക റോഡും നിര്‍മിച്ചു. ഡൈവിങ് പൂളിന്‍െറ പ്രവൃത്തി പൂര്‍ത്തിയായ ഭാഗവും പൂര്‍ണമായി തകര്‍ത്ത നിലയിലാണ് -അദ്ദേഹം പറഞ്ഞു. കടലോരം നവീകരിക്കുന്നതിന് സ്പോര്‍ട്സ് കൗണ്‍സില്‍ എതിരല്ല. നീന്തല്‍ക്കുള നിര്‍മാണത്തിന് ദോഷകരമാവാത്ത വിധത്തിലാകണം നവീകരണം. ഇതു സംബന്ധിച്ച രൂപരേഖ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ട് ലഭ്യമായില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് അഫയേഴ്സ് ഡയറക്ടര്‍ സഞ്ചയ്കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേഷുമായി പുതിയ രൂപരേഖ തയാറാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മുന്‍ ഭാരവാഹികളായ എ. മൂസഹാജി, എം. ഹാരിസ്, ഒ. രാജഗോപാല്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.