നിരീക്ഷണ കാമറ: പുതിയസ്റ്റാന്‍ഡില്‍ മോഷണവും ലഹരി ഉപയോഗവും കുറഞ്ഞു

കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ ഫലപ്രദമെന്ന് പൊലീസ്. കാമറ സ്ഥാപിച്ചതിനുശേഷം കഴിഞ്ഞ ആറു മാസം സ്റ്റാന്‍ഡിലും പരിസരങ്ങളിലും ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ ശല്യവും കുറഞ്ഞതായാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. 24 മണിക്കൂര്‍ കാമറനിരീക്ഷണത്തിലായതിനാല്‍ മോഷണശ്രമങ്ങളും ലഹരി ഉപയോഗവും കൃത്യമായി പൊലീസിന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് കലക്ടര്‍ ഒമ്പത് നിരീക്ഷണ കാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയസ്റ്റാന്‍ഡിലേക്ക് അനുവദിച്ചത്. കാമറകള്‍ രാത്രിയിലും മികവോടെ ദൃശ്യങ്ങള്‍ കാണാന്‍ കഴിവുള്ളതാണ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ബസിനുള്ളിലെ ദൃശ്യങ്ങളും പുറത്ത് നിര്‍ത്തിയിട്ട ബസുകളും സ്റ്റാന്‍ഡിന് പുറത്തെ റോഡരികിലെ ദൃശ്യങ്ങളും പൊലീസിന് നിരീക്ഷിക്കാന്‍ സാധിക്കും. കാമറ സ്ഥാപിക്കുന്നതിനുമുമ്പ് മിക്ക ദിവസങ്ങളിലും ഇവിടെ ഒന്നിലധികം പോക്കറ്റടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റാന്‍ഡില്‍ കാമറ സ്ഥാപിച്ചതിനുശേഷം പോക്കറ്റടി നന്നേ കുറഞ്ഞു. പുകവലി-മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച പുതിയസ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഇവകൊണ്ടുള്ള ബുദ്ധിമുട്ടിന് കാമറകള്‍ വലിയ ആശ്വാസമാണ്. ലഹരിക്കെതിരെ പൊലീസ് ഇതിനായി ബോധവത്കരണവും നടത്തുന്നുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ സാമൂഹികവിരുദ്ധശല്യം കൂടിയ സാഹചര്യത്തിലായിരുന്നു കാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ്പോസ്റ്റിലാണ് കാമറ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയത്. എയ്ഡ്പോസ്റ്റിന്‍െറ ചുമതല വഹിക്കുന്ന കസബ പൊലീസിനാണ് ഇതിന്‍െറ ഉത്തരവാദിത്തം. ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കാമറനിരീക്ഷണം ഏറെ പ്രയോജനപ്രദമാണെന്നാണ് പൊലീസിന്‍െറ നിഗമനം. കോടതിയിലും മറ്റും ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കാനും സാധിക്കും. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.