കുപ്പു ദേവരാജിന് കോഴിക്കോട്ട് അന്ത്യവിശ്രമം

കോഴിക്കോട്: ആന്ധ്രാപ്രദേശിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ച് പട്ടിണിപ്പാവങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ വനാന്തര്‍ഭാഗത്ത് രക്തസാക്ഷിയായ കുപ്പു ദേവരാജിന് അന്ത്യവിശ്രമമൊരുങ്ങിയത് കോഴിക്കോട്ട്. നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജിന്‍െറ (61) ഭൗതിക ശരീരമാണ് കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത്.  വിപ്ളവ പ്രസ്ഥാനത്തിന്‍െറ പേരില്‍ കൊല്ലപ്പെട്ട ആര്‍.ഇ.സിയിലെ രാജന്‍െറ ഓര്‍മകളും നക്സലിസത്തിന്‍െറ പേരില്‍ വേട്ടയാടപ്പെട്ട ഗ്രോ വാസുവിന്‍െറയും അജിതയുടെയുടെയുമെല്ലാം പോരാട്ടവീര്യവും നിറഞ്ഞുനില്‍ക്കുന്ന നാട്ടില്‍ വിപ്ളവനേതാവിന് അന്ത്യവിശ്രമത്തിന് മണ്ണൊരുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നതും വാസുവേട്ടനായിരുന്നു.  കഴിഞ്ഞ 30 വര്‍ഷമായി ദേവരാജിന് സ്വന്തം വീടുമായോ നാടുമായോ ബന്ധമില്ളെങ്കിലും പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിച്ച സ്വന്തം മകനെ കാണാന്‍ 75കാരിയായ മാതാവ് അമ്മിണിയും മറ്റു മക്കളുമത്തെിയിരുന്നു. ദേവരാജിന്‍െറ സഹോദരന്‍ ശ്രീധര്‍ എന്ന ബാബു, ഭാര്യ ലക്ഷ്മി, മക്കളായ ആരോഗ്യം, ധരണി, ബന്ധുവായ വടിവേല്‍ എന്നിവര്‍ മരണപ്പെട്ട സഹോദരനുവേണ്ടി ആര്‍ത്തുകരഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനുള്ള അന്വേഷണത്തിനായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്ന മകന്‍ ബാബുവിന്‍െറ നിര്‍ദേശം കണ്ണീരോടെയാണ് ആ മാതാവ് സമ്മതിച്ചത്. മകന്‍െറ മൃതദേഹം സംസ്കരിക്കാന്‍ 15 ദിവസമെടുത്തതിലും ആ മാതാവിന് വിഷമമില്ല. മകനെ അര്‍ഹമായ ആദരവോടെ കോഴിക്കോടിന്‍െറ മണ്ണില്‍ സംസ്കരിക്കാനായതിലും ആ മാതാവും സഹോദരങ്ങളും തൃപ്തരാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.