ഉപ്പൂത്തിക്കണ്ടി ക്വാറി സമരം ഒരാഴ്ച പിന്നിട്ടു

നന്മണ്ട: എരംമഗലം കരിയാണിമല ഉപ്പൂത്തിക്കണ്ടി ക്വാറികളുടെയും ക്രഷറിന്‍െറയും പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വാറിക്കു സമീപം നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം എട്ടാം ദിവസത്തിലേക്ക് കടന്നു. ബാലുശ്ശേരി നന്മണ്ട ഗ്രാമഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കരിയാണിമലയിലെ ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളോളമായി. ക്വാറിയുടെയും ക്രഷറിന്‍െറയും പ്രവര്‍ത്തനംമൂലം കോളിയോട്മലയിലെ ആദിവാസി ജനത ദുരിതമനുഭവിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ തൊട്ട് വന്ദ്യവയോധികര്‍വരെ അലര്‍ജി, ആസ്തമ രോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. വേനലില്‍മാത്രമല്ല, കുടിവെള്ളം കിട്ടാക്കനിയാവുന്നത്. കാലവര്‍ഷത്തിലും ഒരുകുടം വെള്ളത്തിനുവേണ്ടി കോളിയോട്മല ഇറങ്ങി ബാലബോധിനിയില്‍ വരണമെന്ന സ്ഥിതിയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെയധികം നേരിടുന്ന മേഖലയായി മാറിയിരിക്കുകയാണ് കോളിയോട്മല. കരിയാണിമലയില്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ അനുമതിയില്ളെന്നാണ് സമരനേതാക്കള്‍ പറയുന്നത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ അനുമതിക്കായി ക്രഷര്‍ ഉടമ സമീപിച്ചുവെങ്കിലും ഭരണസമിതി പെരിങ്ങിനി മാധവന്‍, കെ.കെ. പരീത്, എന്‍.പി. നദീഷ്കുമാര്‍, രൂപലേഖ കൊമ്പിലാട്, കെ. ഗണേശന്‍ എന്നിവരടങ്ങിയ സമിതിയെ പഠനത്തിന് നിയേഗിച്ചു. ക്വാറി ക്രഷര്‍ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അനുമതികൊടുക്കേണ്ടെന്ന നിലപാടാണ് ഭരണസമിതി കൈക്കൊണ്ടത്. കോളിയാട്മല ജനവാസകേന്ദ്രം കൂടാതെ കുന്നക്കൊടിയിലൂടെ ഒഴുകുന്ന തോട്ടിലെ മത്സ്യസമ്പത്ത് നശിക്കുമെന്നും വേനലില്‍ കുടിവെള്ളക്ഷാമം നേരിടുന്ന കുന്നക്കൊടി പ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ടാകുമെന്നും കമ്മിറ്റി വിലയിരുത്തി. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് ക്രഷര്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയ ക്വാറി ഇപ്പോള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.