മികവിന്‍െറ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ഐ.ഐ.എം

കോഴിക്കോട്: മാനേജ്മെന്‍റ് വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കേരളത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എം.കെ) ഞായറാഴ്ച 20ാം പിറന്നാള്‍ ആഘോഷിക്കുന്നു. 1996 ആഗസ്റ്റ് 21ന് രാജ്യത്തെ അഞ്ചാമത് ഐ.ഐ.എം ആയി കുന്ദമംഗലത്ത് സ്ഥാപിതമായ സ്ഥാപനം ഇന്ന് ദേശീയതലത്തില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 2016ല്‍ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍െറ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക് (എന്‍.ഐ.ആര്‍.എഫ്) റാങ്കിങ് പ്രകാരം ഇന്ത്യയിലെ മാനേജ്മെന്‍റ് സ്ഥാപനങ്ങളില്‍ ആറാം സ്ഥാനം നേടി. 1997ല്‍ 42 വിദ്യാര്‍ഥികളുമായി തുടങ്ങിയ ആദ്യ ബാച്ചില്‍നിന്ന് 2016ലത്തെുമ്പോള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍ 384 വിദ്യാര്‍ഥികളുണ്ട്. നിരവധി വിദ്യാര്‍ഥികളാണ് ഐ.ഐ.എം.കെയില്‍ പഠിച്ച് മാനേജ്മെന്‍റിന്‍െറ വിജയപഥങ്ങളിലേക്കുയര്‍ന്നത്. 2002ല്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് ആരംഭിച്ച സെന്‍റര്‍ ഓഫ് എക്സലന്‍സ്, 2003ല്‍ എക്സിക്യൂട്ടിവുകള്‍ക്കായി ആരംഭിച്ച ഇന്‍ററാക്ടീവ് ഡിസ്റ്റന്‍സ് ലേണിങ്, പി.ജി.പി, എക്സിക്യൂട്ടിവ് പി.ജി.പി പ്രോഗ്രാമുകള്‍ക്ക് ലണ്ടന്‍ ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് എം.ബി.എസ് അംഗീകാരം, പെണ്‍കുട്ടികളുടെ എന്‍റോള്‍മെന്‍റില്‍ 30 ശതമാനത്തിലേറെ വര്‍ധന, 2013ല്‍ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബിസിനസ് മ്യൂസിയം തുടങ്ങി രണ്ടു പതിറ്റാണ്ടിനിടയില്‍ ഐ.ഐ.എം നേടിയ നക്ഷത്രനേട്ടങ്ങളേറെയാണ്. 2014 മുതല്‍ അമൃത്സര്‍ ഐ.ഐ.എമ്മിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഈ സ്ഥാപനം തന്നെ. സ്ഥിരോത്സാഹം ഉല്‍കൃഷ്ടതയിലേക്ക് നയിക്കും (ഡിലിജന്‍സ് ലീഡ്സ് ടൂ എക്സലന്‍സ്) എന്നതാണ് ഐ.ഐ.എം.കെയുടെ മികവിന്‍െറ ആപ്തവാക്യം. 2003ല്‍ പുതിയ കാമ്പസിലേക്ക് പ്രവര്‍ത്തനം മാറി. കുന്ദമംഗലം ടൗണില്‍നിന്ന് അരകിലോമീറ്റര്‍ മാറി നൂറ് ഏക്കറില്‍ വിശാലമായി വ്യാപിച്ചുകിടക്കുന്നതാണ് കാമ്പസ്. ഇന്ത്യന്‍ ചിന്തകളെ ആഗോളവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷം തോറും അന്താരാഷ്ട്ര മാനേജ്മെന്‍റ് സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. യൂറോപ്യന്‍ യൂനിയന്‍, ആസിയാന്‍ രാജ്യങ്ങളിലെ വിവിധ സര്‍വകലാശാലകളുമായി സ്റ്റുഡന്‍റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഐ.ഐ.എം.കെ നടത്തിവരുന്നു. 2013ല്‍ കൊച്ചിയില്‍ സാറ്റലൈറ്റ് കാമ്പസ് സ്ഥാപിക്കപ്പെട്ടു. സാമ്പത്തിക വിദഗ്ധനായ കുല്‍ഭൂഷണ്‍ ബലൂണിയാണ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്. 21ാം സ്ഥാപക ദിനാഘോഷം ഞായറാഴ്ച കാമ്പസില്‍ നടക്കും. അഹമ്മദാബാദ് സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് ചെയര്‍മാന്‍ പ്രഫ. പങ്കജ് ചന്ദ്ര സ്ഥാപകദിന പ്രഭാഷണവും എക്സിബിഷന്‍ ഉദ്ഘാടനവും നിര്‍വഹിക്കും. വൈകീട്ട് 4.30നാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.