അസ്ലം വധം: സമാധാന പ്രഖ്യാപനവുമായി സര്‍വകക്ഷിയോഗം

വടകര: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തൂണേരിയിലെ മുഹമ്മദ് അസ്ലം (19) കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമയോടെ രംഗത്തിറങ്ങണമെന്ന് വടകരയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനംചെയ്തു. അസ്വസ്ഥതയുളവാക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയുള്ള ഊഹാപോഹങ്ങള്‍ പരത്തുന്നത് കര്‍ശനമായും നിയന്ത്രിക്കണമെന്നും അത്തരത്തിലുള്ളവര്‍ക്കെതിരെ നടപടികളെടുത്ത് ശിക്ഷിക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. നാദാപുരം, തൂണേരി, തിരുവള്ളൂര്‍, ആയഞ്ചേരി പഞ്ചായത്തുകളില്‍ പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ സമാധാനയോഗം നടത്തും. അസ്ലമിന്‍െറ കുടുംബത്തിനും അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും ആശ്വാസമായി സര്‍ക്കാര്‍ തുക അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം വടകര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഐകകണ്ഠ്യേന സമാധാന പ്രഖ്യാപനം ഉണ്ടായത്. മുഹമ്മദ് അസ്ലമിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ കുറ്റവാളികളെയും എത്രയും പെട്ടെന്ന് നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും ആവശ്യപ്പെട്ടു. ക്രമസമാധാന പരിപാലനത്തില്‍ പൊലീസിന്‍െറ ഭാഗത്ത് ആവശ്യമായ ജാഗ്രതയുണ്ടായിരുന്നില്ളെന്നും സംഭവത്തിനുശേഷവും പ്രതീക്ഷിച്ച രീതിയിലുള്ള സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം ഒന്നിനും പരിഹാരമല്ളെന്നും യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നിലപാട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. മേഖലയിലെ മുറിവുണക്കാനും ശാശ്വതമായ സമാധാനാന്തരീക്ഷം ഉണ്ടാകാനും എല്ലാവരും കാവലിരിക്കണമെന്നും ആവശ്യമായതെന്താണെങ്കില്‍ അത് അടിയന്തരമായി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിരാത കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു എന്ന് വിശദീകരിക്കാതെ സാംസ്കാരിക പരിപാടി തുടങ്ങുന്ന രീതിയില്‍ യോഗം ആരംഭിച്ചതിനെ ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഹമ്മദ് പുന്നക്കല്‍ വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ സംഘട്ടനത്തിലല്ല അസ്ലം കൊല്ലപ്പെട്ടത്. കോടതി വെറുതെവിട്ട പ്രതികളിലൊരാള്‍ മാത്രമായ ഈ യുവാവിനെ അക്രമിസംഘം പിന്തുടര്‍ന്ന് ആസൂത്രിതമായി കൊലചെയ്തതാണെന്നും ഇത് ഇവിടത്തെ നിയമവാഴ്ചയും നിയമവും കോടതിയും നിഷ്ഫലമായി എന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. അതിദാരുണമായ ഈ കൊലപാതകം ഒഴിവാക്കാന്‍ സി.പി.എമ്മിനോ അതില്ലാതാക്കാന്‍ പൊലീസിനോ കഴിഞ്ഞില്ളെന്നും നാട്ടിലെ സമാധാനം തകര്‍ക്കുന്ന ഗൂഢാലോചന നിയന്ത്രിക്കാനും ശിക്ഷിക്കാനും അന്വേഷണസംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം എം.എല്‍.എ ഇ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, കോഴിക്കോട് റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, ഭരണവിഭാഗം ഡിവൈ.എസ്.പി വി.പി. സുരേന്ദ്രന്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, വടകര തഹസില്‍ദാര്‍ ടി.കെ. സതീശ്കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, അഡ്വ. കെ. പ്രവീണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. രാജന്‍ മാസ്റ്റര്‍, തൂണേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന്‍, ബ്ളോക് പഞ്ചായത്ത് അംഗം പി.കെ. ശൈലജ, തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്ബാബു, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി.വി.എം. വാണിമേല്‍, ഉമ്മര്‍ പാണ്ടികശാല, സൂപ്പി നരിക്കാട്ടേരി, ബംഗ്ളത്ത് മുഹമ്മദ് (മുസ്ലിം ലീഗ്), വി.പി. കുഞ്ഞികൃഷ്ണന്‍ (സി.പി.എം), രജീന്ദ്രന്‍ കപ്പള്ളി (സി.പി.ഐ), മനയത്ത് ചന്ദ്രന്‍, വി. കുഞ്ഞാലി (ജനതാദള്‍-യു), ടി.വി. ബാലകൃഷ്ണന്‍ (എന്‍.സി.പി), എ.പി. വേലായുധന്‍, എഫ്.എം. അബ്ദുല്ല (വെല്‍ഫെയര്‍ പാര്‍ട്ടി), പി. സോമശേഖരന്‍ (കോണ്‍-എസ്), ഇ.പി. ദാമോദരന്‍ (ജനതാദള്‍-എസ്), ബോബി മൂപ്പന്‍തോട്ടം (കേരള കോണ്‍ഗ്രസ്), എം.പി. രാജന്‍ (ബി.ജെ.പി), സാലിം അഴിയൂര്‍ (എസ്.ഡി.പി.ഐ), കെ.പി. ബാബു (സി.എം.പി) എന്നിവര്‍ സംസാരിച്ചു. യോഗത്തിന് വിളിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് ആര്‍.എം.പി വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്നിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.