ഇലതീനിപ്പുഴു ശല്യം വ്യാപകം

പന്തീരാങ്കാവ്: വരള്‍ച്ച-മഴക്കാല ദുരിതങ്ങള്‍ക്കു പിറകെ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തി ഇലതീനിപ്പുഴുക്കള്‍. കോഴിക്കോട് ജില്ലയിലും സമീപ പ്രദേശങ്ങളിലുമാണ് കൃഷിനാശവും ആരോഗ്യ പ്രശ്നങ്ങള്‍ക്കുമിടയാക്കും വിധം പുഴു വ്യാപകമാവുന്നത്. പെരുമണ്ണ, ഒളവണ്ണ, കുറ്റിക്കാട്ടൂര്‍, കല്ലായി, മാവൂര്‍, തിരുവമ്പാടി തുടങ്ങി ജില്ലയിലെ കാര്‍ഷിക മേഖലകളിലെല്ലാം പുഴുബാധയുണ്ട്. ജില്ലക്കു പുറത്ത് വാഴയൂരിലും പുഴുശല്യമുണ്ട്. രോമമുള്ളതും രോമമില്ലാത്തതുമായി രണ്ടു തരം പുഴുക്കളാണ് വിളനാശം വരുത്തുന്നത്. നൂറുകണക്കിന് പുഴുക്കള്‍ കൂട്ടമായി വാഴകളിലും മറ്റു വിളകളിലുമത്തെി ദിവസങ്ങള്‍ക്കകം ഇലയും തൂമ്പിലയും തിന്നുതീര്‍ക്കുകയാണ്. മുമ്പും പുഴുക്കളുടെ ശല്യമുണ്ടായിരുന്നെങ്കിലും ഇത്രയും വ്യാപകമാവുന്നത് ഇത്തവണയാണ്. കാലാവസ്ഥയിലെ വ്യതിയാനമാണ് പുഴുവര്‍ധനക്ക് കാരണമാവുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടിയില്ലാത്ത ഭക്ഷണമെന്ന നിലയില്‍ വാഴകളിലാണ് പുഴുക്കള്‍ കൂടുതലും കാണുന്നത്. മറ്റു കൃഷികളിലും കാണുന്നുണ്ട്. വാഴത്തോട്ടങ്ങളില്‍ കീടനാശിനികളുള്‍പ്പെടെ പ്രതിരോധ നടപടികള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാവുന്നില്ല. പുഴുശല്യമുള്ള വാഴകള്‍ വെട്ടിനശിപ്പിക്കുകയാണ് മറ്റൊരു പരിഹാര മാര്‍ഗം. എന്നാല്‍, വ്യാപകമായി രോഗം ബാധിച്ച തോട്ടങ്ങളില്‍ ഈ രീതിയും ഫലപ്രദമാവുന്നില്ല. പുരയിടങ്ങളിലെ നാടന്‍ വാഴകളിലും മറ്റ് കാര്‍ഷിക വിളകളിലും തേക്കുമരങ്ങളിലും പുഴു പടരുന്നുണ്ട്. ഇത് കൃഷിനാശത്തിനു പുറമെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമിടയാക്കുന്നുണ്ട്. പല സ്ഥലത്തും മരങ്ങളില്‍നിന്ന് വീടുകള്‍ക്കകത്തേക്കും വസ്ത്രങ്ങളിലേക്കും പുഴുക്കള്‍ അരിച്ചിറങ്ങുന്നത് പലര്‍ക്കും അലര്‍ജി ഉള്‍പ്പെടെ രാഗങ്ങള്‍ക്കിടയാക്കുന്നുണ്ട്. പുഴുബാധ വ്യാപകമാവുമ്പോഴും ജില്ലാ കൃഷി വകുപ്പ് അധികൃതര്‍ വിഷയത്തെ ഗൗരവമായി കാണുന്നില്ളെന്ന് ആക്ഷേപമുണ്ട്. പ്രാദേശിക കൃഷി ഭവനുകളിലൂടെ സമ്പ്രദായിക പ്രതിരോധ മാര്‍ഗങ്ങളുടെ ബോധവത്കരണം മാത്രമാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.