വടകരയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

വടകര: നഗരത്തിലെ ഹോട്ടലുകളില്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, ബീഫ്, ചപ്പാത്തി, ചോറ്, റൊട്ടി, പഴകിയ എണ്ണ എന്നിവയാണ് പിടികൂടിയത്. പകര്‍ച്ചവ്യാധി നിയന്ത്രണവും ആരോഗ്യസുരക്ഷയും കണക്കിലെടുത്താണ് ഹെല്‍ത്ത് സ്ക്വാഡ് വ്യാഴാഴ്ച രാവിലെ പരിശോധനക്കിറങ്ങിയത്. പ്രധാനമായും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലുകളായിരുന്നു പരിശോധന. സെന്‍ട്രല്‍ ഹോട്ടല്‍, മിഡ്ടൗണ്‍, എം.ആര്‍.എ റസ്റ്റാറന്‍റ്, എം.ആര്‍.എ ബേക്കറി, ഗോള്‍ഡന്‍ ഫിഷ്, ചന്ദ്രഭവന്‍, ഹോട്ടല്‍ ശ്രീചിത്ര, ബസ് സ്റ്റാന്‍ഡിലെ മില്‍മ ബൂത്ത്, എടോടി സെന്‍ട്രല്‍ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതിലാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത്. മൂന്ന് ദിവസത്തിനകം വേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തപക്ഷം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധുസൂദനന്‍, അജിത്ത്, രാജേഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് സെക്രട്ടറി ടി. കൃഷ്ണവേണി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.