വൈദ്യുതി മുടക്കം: വടകര സബ്ജയിലില്‍ തടവുകാര്‍ വെന്തുരുകുന്നു

വടകര: ചൂട് അസഹനീയമായതോടെ വൈദ്യുതി മുടക്കം വടകര സബ്ജയിലിലെ തടവുകാര്‍ക്ക് സൃഷ്ടിക്കുന്ന ദുരിതത്തിന് കൈയും കണക്കുമില്ല. ഇവിടെ, 13 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 60 റിമാന്‍ഡ് പ്രതികള്‍വരെ തങ്ങുന്ന സാഹചര്യമാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ഇത്തരം വേളയില്‍ വെന്തുരുകുകയായിരുന്നു തടവുകാര്‍. തടവുകാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ ജീവനക്കാരും കുഴങ്ങുകയാണ്. തൊട്ടുത്ത വടകര മിനിസിവില്‍ സ്റ്റേഷനിലെ പല ഓഫിസുകളിലും വൈദ്യുതി മുടക്കം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജനറേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായത്തെുന്നവരും കുഴങ്ങുകയാണ്. ജയിലിനുള്ള പരിമിതികള്‍ നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്, ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലീഗല്‍സര്‍വിസ് അതോറിറ്റി സെക്രട്ടറി കൂടിയായ ജില്ലാ സബ് ജഡ്ജ് ആര്‍.എല്‍. ബൈജു വടകര ജയില്‍ സന്ദര്‍ശിച്ച് ഹൈകോടതിയിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കയാണ്. അസൗകര്യങ്ങള്‍ മാത്രമല്ല സുരക്ഷാ പ്രശ്നം കൂടി സബ്ജയിലിനെ വേട്ടയാടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച താലൂക്ക് ജയിലാണ് സബ്ജയിലായി പ്രവര്‍ത്തിക്കുന്നത്. കിടക്കാനുള്ള സ്ഥലപരിമിതിമൂലം പലപ്പോഴും തടവുപുള്ളികള്‍ ഊഴം വെച്ചാണ് ഉറങ്ങുന്നത്. ഇത്രയും തടവുകാരെ നിയന്ത്രിക്കുന്നതിന് സുപ്രണ്ടൂം മൂന്ന് ഹെഡ് വാര്‍ഡന്‍മാരുമടങ്ങുന്ന 10 ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. പ്രാഥമികകൃത്യം നിര്‍വഹിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല. പഴയ കെട്ടിടത്തില്‍നിന്ന് മൂന്നു ഭാഗത്തും സുരക്ഷ നല്‍കുന്നത് തുരുമ്പിച്ച നേരിയ കമ്പിവേലിയാണ്. പിന്‍ഭാഗത്തുള്ള ചുറ്റുമതില്‍ വര്‍ഷങ്ങളായി അപകടാവസ്ഥയിലാണ്. ഓട് മേഞ്ഞ കെട്ടിടത്തിന് സുരക്ഷാകവചമായിട്ടുള്ളത് നേരിയ ഇരുമ്പുവലയാണ്. കാസര്‍കോട് മുതല്‍ എറണാകുളംവരെയുള്ള മയക്കുമരുന്ന് കേസുകളിലെ പ്രതികളെയും വടകരയിലാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തടവുകാര്‍ അനുഭവിക്കുന്ന പ്രയാസം മനുഷ്യാവകാശ പ്രശ്നമായി കാണണമെന്നാണ് പൊതുഅഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.