അധികൃതര്‍ക്ക് നിസ്സംഗത; പുകയില ഉല്‍പന്ന വില്‍പ്പന വ്യാപകം

നന്മണ്ട: പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെ പരിശോധന നടക്കുമ്പോഴും നാട്ടിന്‍പുറങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇവയുടെ ഉപയോഗം വ്യാപകമാവുന്നു. മുമ്പ് സ്റ്റേഷനറി കടകളില്‍ മാത്രം കിട്ടിയിരുന്ന ലഹരിപദാര്‍ഥങ്ങള്‍ക്ക് ഇന്ന് ക്ഷാമമില്ല. കടകളില്‍ ലഭിക്കാത്ത പുകയില ലഹരിവസ്തുക്കള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ യഥേഷ്ടം ലഭ്യമാണ്. ഇത് എവിടെനിന്നാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് കണ്ടത്തൊന്‍ കഴിയാത്ത അവസ്ഥയിലാണ് എക്സൈസ്, ആരോഗ്യവകുപ്പ് അധികൃതര്‍. കുമാരസ്വാമി, കുന്ദമംഗലം, നരിക്കുനി, പൂനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായും താമസിക്കുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പനയും യഥേഷ്ടം നടക്കുന്നതും ഇവിടെയാണ്. നാട്ടില്‍പോയി വരുന്ന തൊഴിലാളികള്‍ വഴിയായിരിക്കും ഇവ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുകൂടാതെ ഇതര സംസ്ഥാനങ്ങളിലേക്ക് നാളികേരം കയറ്റിക്കൊണ്ടുപോകുന്ന ലോറികള്‍, തിരിച്ചുവരുമ്പോഴും ലഹരിവസ്തുക്കള്‍ കേരളത്തിലത്തെുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കടകളില്‍നിന്ന് പാന്‍പരാഗ്, ഹാന്‍സ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ലഭിക്കാതായതോടെ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ലഹരിവസ്തുക്കളുടെ ഉറവിടകേന്ദ്രം ഇവരുടെ വാസസ്ഥലമാണെന്നിരിക്കെ ബന്ധപ്പെട്ടവര്‍ക്ക് ഇവിടങ്ങളില്‍ ഫലപ്രദമായ പരിശോധനകള്‍ നടത്താനാവാത്തതും ഇവ പിടിച്ചെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. 15 ദിവസം കൂടുമ്പോള്‍ നാട്ടില്‍ പോയി ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്ന വിരുതന്മാരുണ്ട്. മുടക്കുമുതലിന്‍െറ പതിന്മടങ്ങ് ലാഭം കൊയ്യാമെന്നതും ഇവരെ ഇതിന് പ്രേരിപ്പിക്കുന്നു. മോഷണം, പിടിച്ചുപറി, ബലാത്സംഗം, കൊലപാതകം എന്നിവയിലും ഇത്തരമാളുകള്‍ ഭാഗഭാക്കാവുന്നു. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിന് പരിമിതികളുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.