എല്‍.ഐ.സി സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍

കോഴിക്കോട്: നഗരത്തിലെ പ്രധാന ബസ്സ്റ്റോപ്പായ മാനാഞ്ചിറ എല്‍.ഐ.സി ബസ്സ്റ്റോപ്പില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നടുറോഡില്‍. ഈ ഭാഗത്തെ അനധികൃത കച്ചവടങ്ങളാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് ആക്ഷേപം. രൂക്ഷമായ ഗതാഗതക്കുരുക്കിനു പുറമെ, അപകട സാധ്യതക്കും ഇത് വഴിയൊരുക്കുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി, പാവമണിറോഡ്,സിറ്റി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നെല്ലാം ഉള്ള ബസുകള്‍ കൂടിച്ചേരുന്ന ഭാഗമാണ് ഈ ബസ്സ്റ്റോപ്പ്. ഇതുകാരണം ഏതു നേരവും ഇവിടെ തിരക്കായിരിക്കും. രാവിലെയും വൈകീട്ടും തിരക്ക് രൂക്ഷമാവും. മാനാഞ്ചിറ സ്ക്വയര്‍, പട്ടാളപ്പള്ളി, എല്‍.ഐ.സി ഓഫിസ്, മിഠായിത്തെരുവ് തുടങ്ങിയ ഇടങ്ങളിലേക്ക് ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നത് ജീവന്‍ പണയംവെച്ചാണ്. ആദ്യം വരുന്ന ബസുകള്‍ റോഡിന് നടുവില്‍ നിര്‍ത്തുന്നതോടെ പിറകെ വരുന്നവ റോഡില്‍ കുടുങ്ങും. മത്സരയോട്ടം കൂടിയാവുന്നതോടെ വാതില്‍ അവിടെ തന്നെ തുറക്കും. ആളുകള്‍ ബസുകള്‍ക്കിടയിലൂടെ ഓടി വാഹനങ്ങളില്‍ കയറുന്നതും ഇപ്രകാരം തന്നെയാണ്. മാത്രമല്ല വടകര, കൊയിലാണ്ടി, താമരശ്ശേരി, വെസ്റ്റഹില്‍, വെള്ളിമാടുകുന്ന് തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഒന്നിച്ച് നിര്‍ത്തുന്നതോടെ യാത്രക്കാര്‍ക്ക് കയറേണ്ട ബസുകള്‍ കണ്ടത്തൊന്‍ തന്നെ പ്രയാസപ്പെടുകയാണ്. ഇതിനിടെ, എല്‍.ഐ.സി ഓഫിസിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ വഴികൊടുക്കണം. ബസുകളുടെ നടുറോഡിലെ ഈ ഇറക്കിക്കയറ്റം കാരണം ഇവിടെ ബസ്സ്റ്റോപ്പ് നോക്കുകുത്തിയാവുന്നു. ആളുകള്‍ കയറിനില്‍ക്കാത്തതുതന്നെ കാരണം. അവിടെ നിന്നാല്‍ ബസ് കിട്ടില്ല എന്നതാണ് അവസ്ഥ. പഴവര്‍ഗങ്ങള്‍, ഗൃഹോപകരണങ്ങള്‍, തട്ടുകടകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആളുകളുടെ ഉപജീവന മാര്‍ഗമാണെങ്കിലും തിരക്ക് കുറഞ്ഞ മറ്റേതെങ്കിലും ഭാഗത്തേക്ക് കച്ചവടം മാറ്റിസ്ഥാപിച്ചില്ളെങ്കില്‍ യാത്രക്കാരുടെ ജീവന്‍ ബാക്കിയുണ്ടാവില്ല എന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊലീസ്, ട്രാഫിക് കമീഷണര്‍മാരുടെ കണ്ണിന് താഴെയാണ് ഈ കൂട്ടപ്പൊരിച്ചില്‍ എന്നും യാത്രക്കാര്‍ ഓര്‍മിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.