ഉപയോഗിച്ചുകൂടേ പ്രകൃതിയുടെ ഈ വരദാനങ്ങള്‍?

കോഴിക്കോട്: നാടും നഗരവും കുടിവെള്ളക്ഷാമത്തില്‍ വലയുമ്പോള്‍ ഉപയോഗിക്കപ്പെടാതെ കോഴിക്കോടിന്‍െറ ജലസംഭരണികളായ കുളങ്ങള്‍. വെസ്റ്റ്ഹില്ലിലെ താമരക്കുളം, ഗരുഡന്‍കുളം തുടങ്ങിയ കോഴിക്കോടിന്‍െറ ചരിത്രത്തിന്‍െറ ഭാഗമായ കുളങ്ങളാണ് അവഗണനകാരണം നശിക്കുന്നത്. മലിനമായ സ്രോതസ്സുകളില്‍നിന്നുവരെ വെള്ളം ടാങ്കര്‍ലോറികളില്‍ വിതരണം നടത്തുമ്പോഴാണ് തൊട്ടുമുന്നിലുള്ള ജലസ്രോതസ്സുകള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. മൂന്നേക്കറോളം സ്ഥലത്ത് നാലാളോളം ആഴത്തില്‍ വെള്ളമുള്ളതാണ് താമരക്കുളം. സാമൂതിരി രാജാവിന്‍െറ കുടുംബസ്വത്തില്‍ പെട്ടതായിരുന്ന ഈ കുളത്തില്‍നിന്നായിരുന്നു വരക്കല്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥജലംവരെ സ്വീകരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. കോര്‍പറേഷന് കൈമാറിയശേഷം 10 വര്‍ഷം മുമ്പ് 50 ലക്ഷം രൂപ ചെലവില്‍ ചളി വാരി, ചുറ്റും സംരക്ഷണഭിത്തി കെട്ടി, കല്‍വിളക്കുകള്‍ സ്ഥാപിക്കാനുള്ള സംവിധാനത്തോടെ കുളം നവീകരിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികളില്ലാതായതോടെ വീണ്ടും ഉപയോഗരഹിതമായിരിക്കുകയാണ്. കുളത്തിന്‍െറ പലഭാഗത്തെയും സംരക്ഷണഭിത്തി ഇപ്പോള്‍ തകര്‍ന്നനിലയിലാണ്. കോര്‍പറേഷന്‍ സ്ഥാപിച്ച ബോര്‍ഡ് പോലും നശിപ്പിച്ചു. വെസ്റ്റ്ഹില്ലിലെ പട്ടാളബാരക്കിന് സമീപത്തെ ഗരുഡന്‍ കുളത്തിന്‍െറ അവസ്ഥയും സമാനമാണ്. അരയേക്കര്‍ സ്ഥലത്തെ അഞ്ചു സെന്‍േറാളം ഭാഗത്തെ കുളത്തില്‍ നിറയെ വെള്ളമുണ്ട്. 2001ല്‍ കുളം ശുചീകരിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പിന്നീട് അവഗണനയായിരുന്നു. പമ്പ് ഹൗസ്, സംരക്ഷണഭിത്തി, കല്‍വിളക്കുകള്‍ എന്നിവ സഹിതം ലക്ഷങ്ങള്‍ ചെലവഴിച്ചായിരുന്നു നവീകരണം. വെള്ളം പരിശോധിച്ചപ്പോള്‍ മലിനീകരണം വര്‍ധിച്ച തോതിലുള്ളതല്ല എന്ന് പരിശോധന നടത്തിയ സി.ഡബ്ള്യൂ.ആര്‍.ഡി.എം അധികൃതര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഉപയോഗയോഗ്യമാക്കാം. താമരക്കുളത്തിന്‍െറ പരിസരത്തെ കാടുകള്‍ വെട്ടി ഈയിടെ വൃത്തിയാക്കിയിരുന്നതായും വെള്ളം വീണ്ടും പരിശോധിപ്പിച്ച് ഉപയോഗയോഗ്യമാക്കാമോ എന്ന കാര്യം ആലോചനയിലാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. കുളത്തിന്‍െറ സംരക്ഷണഭിത്തികള്‍ സംരക്ഷിക്കാനുള്ള മൂന്നു ലക്ഷത്തിന്‍െറ പദ്ധതി ടെന്‍ഡര്‍ നടപടികളിലാണ്. ഗരുഡന്‍ കുളം അടക്കം ജലസ്രോതസ്സുകള്‍ക്ക് സമീപം ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍ സ്ഥാപിച്ച് വെള്ളം ഉപയോഗപ്രദമാക്കാനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. ഈ നടപടികള്‍ വേഗത്തിലായാല്‍ അടുത്തവര്‍ഷമെങ്കിലും കുളങ്ങള്‍ കുടിവെള്ളത്തിന് ഉപയോഗിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി ജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ബിലാത്തിക്കുളം നവീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ശക്തമായ തുടര്‍നടപടിയില്ളെങ്കില്‍ കണ്ടംകുളം, ആനക്കുളം, ചക്കോരത്തുകുളം തുടങ്ങിയവയുടെ ഗതി ഇവക്കും വരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.