മോഷ്ടിച്ച ബൈക്കുകളുമായി കുട്ടിക്കള്ളന്മാര്‍ അറസ്റ്റില്‍

വളയം: മോഷ്ടിച്ച രണ്ടു ബൈക്കുകളുമായി മൂന്നംഗ കുട്ടിക്കള്ളന്മാരെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. വാണിമേല്‍ കോടിയൂറ സ്വദേശി സുഹൈല്‍ (18), പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ എന്നിവരെയാണ് വളയം എസ്.ഐ എം.സി. പ്രമോദ് അറസ്റ്റ് ചെയ്തത്. ഭൂമിവാതുക്കല്‍ ടൗണില്‍നിന്നും വടകര റെയില്‍വേ സ്റ്റേഷനില്‍നിന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തു. വാഹനപരിശോധനക്കിടെ കുയ്തേരിയില്‍ പൊലീസ് രണ്ടുപേരെ സംശയാസ്പദമായി പിടികൂടുകയായിരുന്നു. വടകരയില്‍നിന്ന് മോഷ്ടിച്ച സ്പ്ളണ്ടര്‍ ബൈക്ക് പെട്രോള്‍ ടാങ്ക് നിറംമാറ്റി വ്യാജ നമ്പര്‍ പതിച്ച് പോകുമ്പോഴാണ് രണ്ടുപേരെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതോടെ മൂന്നാമനേയും പിടികൂടുകയായിരുന്നു. കല്ലാച്ചി, നാദാപുരം, കുറ്റ്യാടി, ഭൂമിവാതുക്കല്‍, കക്കട്ടില്‍ ടൗണുകളിലെ നിരവധി കടകളില്‍ ഇവര്‍ നേരത്തേ മോഷണം നടത്തിയിരുന്നു. ചെറിയ തുകകള്‍ മോഷണംപോയതിനാല്‍ പലയിടത്തുനിന്നും പൊലീസില്‍ പരാതി ലഭിച്ചിരുന്നില്ല. രാത്രിസമയത്ത് വീട്ടില്‍ വരാന്തയില്‍ ഉറങ്ങുകയും സംഘടിച്ച് മോഷണത്തിനിറങ്ങുകയുമാണ് പതിവത്രെ. പകല്‍സമയങ്ങളില്‍ ആരാധനാലയങ്ങളില്‍ കഴിച്ചുകൂട്ടുകയും ചെത്തു. വാഹനങ്ങളില്‍നിന്നും മറ്റും മോഷണം നടത്തിയിരുന്നു. മോഷ്ടിച്ച ബൈക്കുകള്‍ ഉപയോഗം കഴിഞ്ഞ് റോഡരികില്‍ ഉപേക്ഷിക്കുകയാണ് ഇവരുടെ രീതി. മോഷ്ടിച്ച തുക ഉപയോഗിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പണം തീര്‍ന്നാല്‍ നാട്ടിലത്തെി വീണ്ടും മോഷണം നടത്തുകയുമാണ് പതിവ്. സുഹൈലിനെ വെള്ളിയാഴ്ച നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും മറ്റു രണ്ടുപേരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.