വടകര: വരള്‍ച്ച രൂക്ഷമായതോടെ വടകര താലൂക്കിലെ കുടിവെള്ള വിതരണം പൂര്‍ണമായും പ്രതിസന്ധിയില്‍. വിഷ്ണുമംഗലം പുഴയില്‍ വെള്ളം അടിക്കടി കുറയുകയാണ്. ഇതോടെ വരുന്ന നാലുദിവസം മാത്രമേ പമ്പിങ് നടക്കുകയുള്ളൂവെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. ഇതിനുപുറമെ, ഒഞ്ചിയം-ചോറോട് പദ്ധതി, ഗുളികപ്പുഴ പദ്ധതികളില്‍ വൈദ്യുതി മുടക്കം കാരണം കൃത്യമായി പമ്പിങ് നടക്കാത്ത സാഹചര്യമാണുള്ളത്. മറ്റുപ്രാദേശിക കുടിവെള്ള പദ്ധതി കിണറുകളും വറ്റിയിരിക്കയാണ്. ഇതോടെ, കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍. പലരും ബന്ധുവീടുകളിലും മറ്റും അഭയം തേടിക്കഴിഞ്ഞു. വിഷ്ണുമംഗലത്തെ ബണ്ടില്‍ തടഞ്ഞുനിര്‍ത്തിയ വെള്ളമാണിപ്പോള്‍ പമ്പുചെയ്യുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വേനല്‍മഴ നന്നായി ലഭിച്ചതിനാല്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. നിലവില്‍ വാണിമേല്‍ പുഴ പലയിടത്തും വരണ്ടുകിടക്കുകയാണ്. ഈ പുഴയെ ആശ്രയിക്കുന്ന കുടുംബങ്ങളും ദുരിതം പേറുകയാണ്. ഇവിടെ, പമ്പിങ് നിലക്കുന്നതോടെ, വടകര നഗരസഭയിലെ കടലോരങ്ങളിലെയും അഴിയൂര്‍, ഒഞ്ചിയം, ഏറാമല ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം നിലക്കും. നിലവില്‍ 782 ടാപ്പുകളിലൂടെയും 9013 സര്‍വിസ് കണക്ഷനുകളിലൂടെയുമാണ് വിഷ്ണുമംഗലത്തെ കുടിവെള്ള വിതരണം നടക്കുന്നത്. ഇതിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്. പുതിയ സാഹചര്യത്തില്‍ താലൂക്കിലെ 17പഞ്ചായത്തുകളില്‍ റവന്യൂവകുപ്പിന്‍െറ നേതൃത്വത്തില്‍ ടാങ്കറുകള്‍ വഴി കുടിവെള്ള വിതരണം നടക്കുകയാണ്. ഇതാകട്ടെ, ഒന്നിടവിട്ട ദിനങ്ങളിലാണുള്ളത്. ഈ രീതിയില്‍ ലഭിക്കുന്ന വെള്ളം അത്യാവശ്യത്തിനുപോലും തികയുന്നില്ളെന്നാണ് ആക്ഷേപം. യു.ഡി.എസ് മാറ്റ് പദ്ധതിപ്രകാരം 18 കി.മീറ്റര്‍ അകലെയുള്ള ഗുളികപ്പുഴയില്‍ നിന്നാണ് വടകരയിലേക്ക് പ്രധാനമായും കുടിവെള്ളം എത്തുന്നത്. പൊതുവെ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടയില്‍ ഇവിടെ ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. ഇത്തവണ കനാല്‍ തുറന്നതിനാല്‍ ഉപ്പുവെള്ളത്തിന്‍െറ പ്രശ്നം ഒഴിവാകുമെന്ന് കരുതിയെങ്കിലും ഒരു കുറവുമില്ല. ഇതോടെ ഹോട്ടലുകളുള്‍പ്പെടെ പ്രയാസത്തിലായിരിക്കയാണ്. ഉപ്പുരസമില്ലാത്ത വെള്ളം വന്‍ വില കൊടുത്ത് എത്തിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാരും നാട്ടുകാരും. കുറ്റ്യാടി പുഴയില്‍ നീഴൊഴുക്ക് കുറയുന്ന വേലിയേറ്റ സമയത്ത് കടല്‍വെള്ളം കയറിയാണ് ഉപ്പുവെള്ളമാകുന്നത്്. ഇത്, തടയുന്നതിനായി റഗുലേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയില്‍ നിലവില്‍ 10 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായ ആവശ്യത്തിന് തികയില്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 8178 സര്‍വിസ് കണക്ഷനിലൂടെയാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഗുളികപ്പുഴ പദ്ധതിയുടെ കൂരങ്കോട് പമ്പ് ഹൗസിലുള്‍പ്പെടെയുളള വൈദ്യുതിമുടക്കം പമ്പിങ്ങിനെ പ്രതികൂലമായി ബാധിക്കുകയാണ്. മണിക്കൂറുകളോളം തുടര്‍ച്ചയായി പമ്പിങ് നടത്തിയാലേ കുടിവെള്ളവിതരണം നടത്താന്‍ കഴിയൂ. നല്ല വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാവൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.