കോഴിക്കോട് ബ്ളോക് പഞ്ചായത്ത് നിലനിര്‍ത്തി അന്തിമവിജ്ഞാപനം പുറത്തിറങ്ങി

ഫറോക്ക്: സംസ്ഥാനത്തെ 152 ബ്ളോക് പഞ്ചായത്തുകളെ പുന$ക്രമീകരിച്ചുകൊണ്ട് അന്തിമവിജ്ഞാപനം പുറത്തിറങ്ങി. ആഗസ്റ്റ് മൂന്നിന് കരട് വിജ്ഞാപന വിപരീതമായി കോഴിക്കോട് ബ്ളോക് പഞ്ചായത്ത് നിലനിര്‍ത്തിയാണ് അന്തിമവിജ്ഞാപനം. ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് ബ്ളോക് നിലനിര്‍ത്തിയത്. കടലുണ്ടിയെ ചേളന്നൂര്‍ ബ്ളോക്കിലും ഒളവണ്ണയെ കുന്ദമംഗലം ബ്ളോക്കിലും ഉള്‍പ്പെടുത്തി കോഴിക്കോട് ബ്ളോക് ഇല്ലാതാക്കിയാണ് സര്‍ക്കാര്‍ കരട് ഇറക്കിയിരിക്കുന്നത്. ഇതിനെതിരെ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ടിന്‍േറതടക്കം ഡസനിലേറെ ഹരജികള്‍ പരിഗണിച്ച് ഹൈകോടതി ബ്ളോക് രൂപവത്കരണം റദ്ദാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍, ആഗസ്റ്റ് 16ന് അസാധാരണ ഗസറ്റ് ഇറക്കുകയും ഇതിന്മേലുള്ള ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചാണ് അന്തിമവിജ്ഞാപനം ഇറക്കിയത്. ബ്ളോക് പഞ്ചായത്തുകളുടെ മിനിമം വാര്‍ഡുകളായ 13 എണ്ണം മാത്രമാണ് കോഴിക്കോട് ബ്ളോക്കിലുള്ളത്. ഒളവണ്ണയിലെ ഏഴും കടലുണ്ടിയിലെ ആറും വാര്‍ഡുകളായി ക്രമീകരിച്ചാണ് ബ്ളോക് നിലനിര്‍ത്തിയത്. നിലവില്‍ 14 വാര്‍ഡുകളാണുള്ളത്. ഫറോക്കും രാമനാട്ടുകരയുമാണ് കോഴിക്കോട് ബ്ളോക്കില്‍ കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളെ കൂടാതെ ഉണ്ടായിരുന്നത്. ഇതില്‍ ഫറോക്കും രാമനാട്ടുകാരയും മുനിസിപ്പാലിറ്റിയാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. കരട് വിജ്ഞാപനത്തില്‍ കടലുണ്ടിയെ ചേളന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. കടലുണ്ടിയില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ കടലുണ്ടിയെ ഉള്‍പ്പെടുത്തി കോഴിക്കോട് ബ്ളോക് സര്‍ക്കാര്‍ നിലനിര്‍ത്തിയതില്‍ ആശ്വാസത്തിലാണ് കടലുണ്ടി നിവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.