കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ പാവങ്ങാട്ടുള്ള രണ്ട് ഏക്കര്‍ 43 സെന്‍റ് സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് തിരിച്ചേല്‍പിക്കണമെന്ന് അതോറിറ്റിയിലെ ട്രേഡ് യൂനിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2009 ഏപ്രിലില്‍ വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപ വാടക നിശ്ചയിച്ചാണ് സ്ഥലം താല്‍ക്കാലികമായി കെ.എസ്.ആര്‍.ടി.സിക്ക് വാടകക്ക് നല്‍കിയത്. മാവൂര്‍ റോഡിലെ പുതുക്കിപ്പണിയുന്ന കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍െറ പണി പൂര്‍ത്തിയായാല്‍ സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് തിരിച്ചേല്‍പിക്കാമെന്നാണ് അന്ന് ഇരുകൂട്ടരും തമ്മിലുള്ള കരാര്‍. എന്നാല്‍, ഈ കരാര്‍ പാടെ തിരസ്കരിക്കുന്ന സമീപനമാണ് പിന്നീട് കെ.എസ്.ആര്‍.ടി.സി സ്വീകരിച്ചതെന്ന് യൂനിയന്‍ അഭിപ്രായപ്പെട്ടു. വാടകയിനത്തില്‍ ഇതുവരെ ഒന്നുംതന്നെ കെ.എസ്.ആര്‍.ടി.സി വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടില്ല. പലതവണ അതോറിറ്റി കത്തുമുഖേനയും ഫോണ്‍ മുഖേനയും ആവശ്യപ്പെട്ടിട്ടും യൂസര്‍ ഫീസ് അടക്കാനോ സ്ഥലം ഒഴിഞ്ഞുകൊടുക്കാനോ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയാറായിട്ടില്ല. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പല സ്ഥലങ്ങളും ഇതേരൂപത്തില്‍ മറ്റു ഏജന്‍സികള്‍ കൈക്കലാക്കിയിട്ടുണ്ട്. അതോറിറ്റിക്ക് പുതിയ പ്രോജക്ടുകള്‍ക്ക് ഒട്ടേറെ സ്ഥലം ആവശ്യമായി വന്നിരിക്കുന്ന സമയത്താണ് നിലവിലുള്ള സ്ഥലംപോലും അന്യാധീനപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. കേരള വാട്ടര്‍ അതോറിറ്റിയുടെയും കെ.എസ്.ആര്‍.ടി.സിയുടെയും മാനേജിങ് ഡയറക്ടര്‍മാര്‍ തമ്മിലുള്ള ഉടമ്പടിക്ക് വിരുദ്ധമായി കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട് ജില്ലാ ഓഫിസര്‍ എടുത്ത നിലപാടും തീരുമാനവും പ്രതിഷേധാര്‍ഹമാണ്. കേരള വാട്ടര്‍ അതോറിറ്റിയുടെ നോര്‍തേണ്‍ റീജനല്‍ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ അതോറിറ്റിയുടെ സ്വത്തുവഹകള്‍ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനും ട്രേഡ് യൂനിയനുകളുടെ സഹായത്തോടെ സിറിയക് കുര്യന്‍ ചെയര്‍മാനായി ഒരു കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. കുടിവെള്ളവിതരണ മേഖല തകര്‍ക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ട്രേഡ് യൂനിയന്‍ നേതാക്കളായ എം.ടി. സായി പ്രകാശ് (യു.ടി.യു.സി), സി.പി. സദാനന്ദന്‍ (എ.ഐ.ടി.യു.സി), പി. സന്തോഷ്കുമാര്‍ (സി.ഐ.ടി.യു), പി. പ്രമോദ് (ഐ.എന്‍.ടി.യു.സി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.