പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കുത്തുപാളയെടുക്കുന്നു

ചാലിയം: തമിഴ്നാട്ടിലെ കുളച്ചല്‍പോലുള്ള മേഖലകളില്‍നിന്നത്തെുന്നവരുടെ അനധികൃത മത്സ്യബന്ധനം പരമ്പരാഗത തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുന്നു. ഏതാനും വര്‍ഷങ്ങളായി തുടരുന്ന പ്രവണതക്കെതിരെ പൊലീസ്, ഫിഷറീസ് വകുപ്പധികൃതരുടെ ഭാഗത്തുനിന്ന് കര്‍ശന നടപടികളൊന്നുമുണ്ടാകാത്തതാണ് മത്സ്യ സമ്പത്തിനും ലക്ഷങ്ങളുടെ വലകള്‍ക്കും നാശമുണ്ടാക്കുന്ന പ്രവര്‍ത്തനം നിര്‍ബാധം തുടരാനിടയാക്കുന്നത്. തെങ്ങിന്‍കുലകളില്‍നിന്ന് കായ്കള്‍ ഒഴിവാക്കിയുള്ള ഭാഗമാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്‍െറ പ്രധാന ‘അസംസ്കൃത’ വസ്തു. ആറോ ഏഴോ കുലകള്‍ കോര്‍ത്തുകെട്ടി അടിഭാഗത്ത് മണല്‍ നിറച്ച ചാക്കും മേല്‍ഭാഗത്ത് ഒഴിഞ്ഞ കാനോ ബോയകളോ കെട്ടി കടലില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കടലില്‍ അടിഭാഗത്തെ പാറക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് മീന്‍കൂട്ടങ്ങള്‍ ഉണ്ടാവുക. ഇത്തരം പാറക്കൂട്ടങ്ങള്‍ ഉള്ള സ്ഥലം മത്സ്യത്തൊഴിലാളികള്‍ക്കറിയാം. ഇതിനുപുറമെ ആധുനിക ഉപകരണങ്ങള്‍ സഹായകമാവുകയും ചെയ്യുന്നു. എന്നാല്‍, കുളച്ചല്‍ മേഖലയിലുള്ളവര്‍ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്താതെ പാറക്കൂട്ടങ്ങളുടെ പ്രതീതി കൃത്രിമമായുണ്ടാക്കുകയാണ്. മണല്‍ചാക്ക്, തെങ്ങിന്‍കുലകള്‍, ബോയ എന്നിവ കോര്‍ത്തുണ്ടാക്കിയത് മുട്ടയിടാനുള്ള ഇടമായി മത്സ്യങ്ങള്‍ കാണുന്നു. മത്സ്യങ്ങള്‍ ഇതിനുചുറ്റും മുട്ടകള്‍ നിക്ഷേപിക്കുകയും അവക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും. കാവലായി നില്‍ക്കുന്ന മത്സ്യങ്ങള്‍ ആയിരങ്ങളുടെ കൂട്ടങ്ങളായിരിക്കും. ഇവിടെ നൂറുകണക്കിന് ചൂണ്ടലുകള്‍ ഒന്നിച്ചിട്ട് മീന്‍ പിടിക്കുകയാണ് കുളച്ചല്‍ രീതി. ഈ രീതി കാരണം വലിയ മത്സ്യങ്ങള്‍ പിടികൂടപ്പെടുകയും മുട്ടകള്‍ നശിക്കുകയും ചെയ്യുന്നു. തങ്ങളുടെ നാട്ടില്‍ ഈവിധം മത്സ്യത്തെ ഉന്മൂലനംചെയ്താണ് ഇവര്‍ വടക്കന്‍ കേരളത്തിലത്തെുന്നത്. ബേപ്പൂര്‍ അടക്കം തീരങ്ങളില്‍ ഇവര്‍ക്ക് ഒത്താശചെയ്ത് വന്‍ വരുമാനമുണ്ടാക്കുന്നവരുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്കൊക്കെ തീരത്ത് വന്ന് ചാക്കില്‍ മണല്‍ നിറച്ചാണ് കടലില്‍ കൃത്രിമ ‘പാറ’കള്‍ സൃഷ്ടിക്കുന്നത്. ഇത് നിക്ഷേപിച്ച സ്ഥലം അവര്‍ക്കു മാത്രമേ അറിയാനാകൂ. അതുകൊണ്ടുതന്നെ ബോട്ടുകളുടെയും മറ്റു വള്ളക്കാരുടെയും ലക്ഷങ്ങള്‍ വിലവരുന്ന വലകള്‍ ഇതില്‍ കുരുങ്ങി നശിക്കുന്നത് പതിവായിട്ടുണ്ട്. വലകള്‍ ഇവയില്‍ കുരുങ്ങുമ്പോള്‍ പിടികൂടിയ മത്സ്യമടക്കമാണ് വല മുറിയുന്നത്. നിലവില്‍ മത്സ്യബന്ധത്തിന് ഇവിടേക്ക് മറ്റാരെയും തടയാനുള്ള വകുപ്പുകളില്ല. അതിനാല്‍, കുളച്ചല്‍ പ്രദേശക്കാരെയും ആരും തടയുന്നില്ല. അതേസമയം, ഇവരുടെ രീതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളില്‍ അതൃപ്തിയും വിദ്വേഷവുമുണ്ടാക്കുന്നുണ്ട്. ഈ ആവശ്യത്തിന് തെങ്ങിന്‍കുലകള്‍ തീരത്ത് കൊണ്ടുവരുന്നത് പൊലീസ് പിടികൂടാറുണ്ട്. ഇവ നശിപ്പിക്കുകയെന്നല്ലാതെ കാര്യമായ കേസോ ശിക്ഷാനടപടികളോ ഉണ്ടാകുന്നില്ല. കഴിഞ്ഞദിവസം വലിയൊരു തോണി നിറയെ തെങ്ങിന്‍കുലകള്‍ ബേപ്പൂര്‍ പൊലീസ് പിടികൂടിയെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം ‘നടത്താത്ത’തിനാല്‍ കേസെടുക്കാതെ വിട്ടു. തെങ്ങിന്‍കുലകള്‍ നിറച്ച വള്ളം വ്യാഴാഴ്ച വൈകീട്ടും ചാലിയം തീരദേശ പൊലീസിന്‍െറ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടിനോട് ചേര്‍ന്ന് കെട്ടിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് കസ്റ്റഡിയിലെടുത്തിട്ടില്ളെന്നാണ് ബേപ്പൂര്‍ പൊലീസ് പറഞ്ഞത്. ഇത് നിയമവിരുദ്ധ മത്സ്യബന്ധനക്കാരോടുള്ള മൃദുസമീപനമായാണ് മറ്റു മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ഉപകരണങ്ങള്‍ക്കും മത്സ്യബന്ധനത്തിനുമുള്ള നഷ്ടം എന്ന നിലക്കല്ല, ‘കൃതിമ പാറ’കള്‍ സൃഷ്ടിച്ച് കടലില്‍ മാര്‍ഗതടസ്സമുണ്ടാക്കുന്നു എന്ന നിലക്കാണ് അധികൃതര്‍ കുളച്ചല്‍ രീതിയെ കാണുന്നത്. ഇത് തടയാനാണ് ഈ ആവശ്യത്തിന് കൊണ്ടുപോകുന്ന തെങ്ങിന്‍കുലകള്‍ പിടികൂടുന്നതെന്നാണ് പൊലീസ് ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.