കാഴ്ചയിലുള്ളവരെ അവര്‍ കൈപിടിച്ചു നടത്തി, ഇരുട്ടിന്‍െറ ലോകത്തിലൂടെ...

കോഴിക്കോട്: ഇരുട്ടിന്‍െറ ലോകത്തില്‍നിന്ന് പുറത്തത്തെിയ ശേഷം ആറാം ക്ളാസുകാരന്‍ ഋഷബ് നിഷ്കളങ്കമായി ഇങ്ങനെ പറഞ്ഞു: ‘ഒന്നും കാണാന്‍ പറ്റിയില്ല...എന്നാല്‍, എല്ലാം അനുഭവിച്ചറിഞ്ഞു’. 20 മിനിറ്റോളം ഇരുട്ടിന്‍െറ ലോകത്തിലൂടെ നടന്നവര്‍ക്കൊന്നും ഇതിലപ്പുറമൊന്നും പറയാനുണ്ടായിരുന്നില്ല. ഇരുട്ടിലൂടെ തങ്ങളെ കൈപിടിച്ചുനടത്തിയത് കാഴ്ചയുടെ ലോകം എന്നന്നേക്കും നഷ്ടമായ സ്നേഹമുള്ളവരാണെന്ന് പുറത്തത്തെിയശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞത്. കുറച്ചുനേരത്തേക്ക് അവരുടെ ലോകത്തിലേക്ക് കാഴ്ചയുള്ളവരെ അവര്‍ വിരുന്നുകൊണ്ടുപോവുകയായിരുന്നു. കാഴ്ചയുടെ ആഘോഷങ്ങളില്‍ കാഴ്ചയില്ലാത്തവരെ മറക്കുന്നവര്‍ക്ക് തിരിച്ചറിവായി മലബാര്‍ കോളജ് ഓഫ് ഹെല്‍ത്ത് എജുക്കേഷനിലെ വിദ്യാര്‍ഥികളാണ് ‘ത്രൂ ദ ടണല്‍ ഓഫ് ഡാര്‍ക്നസ്’ ഒരുക്കിയത്. ആദ്യം ഗ്രാമത്തിലൂടെയാണ് സഞ്ചാരം. വയല്‍ വരമ്പിലൂടെ...ചളിയിലൂടെ നടന്നശേഷം പിന്നെ കൃഷിയിടത്തിലൂടെ. തൊട്ടും തലോടിയും കാണാനാകാത്ത വാഴക്കുലയെ തിരിച്ചറിഞ്ഞു. പിന്നീട് ചന്തയുടെ തിരക്കിലേക്ക്... കച്ചവടക്കാരുടെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് നടന്നു. പിന്നെയൊരു നീണ്ട ട്രെയിന്‍ യാത്ര... ശേഷം കാട്ടിലൂടെയുള്ള സവാരി... അങ്ങനെ നടന്നുനടന്ന് ഒടുവില്‍ തണുത്തുറഞ്ഞ ഹിമാലയത്തിലുമത്തെി...യാത്ര കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള്‍ ലഭിച്ചത് പുതിയൊരു തിരിച്ചറിവ്. ശരീരത്തിലെ അവയവത്തിനല്ല മനസ്സിനാണ് കാഴ്ചയുണ്ടാകേണ്ടത്. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ട സാമൂഹിക സാഹചര്യങ്ങള്‍ ഒരുക്കണമെന്ന സന്ദേശവുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഗൈഡായി കൂടെനില്‍ക്കുന്ന പെരിന്തല്‍മണ്ണ ദീപാലയം അന്ധവിദ്യാലയത്തിലെ അധ്യാപകന്‍ ഇ. രവീന്ദ്രന്‍ പറയുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പി.വി. ആന്‍റണി, ജോണി തോട്ടുകര, സുരേഷ്, ഷാഹിന, സി.പി. മറിയം, സുമയ്യ, സൈനബ എന്നിവരും ഇരുട്ടിന്‍െറ ലോകത്തേക്ക് കൈപിടിക്കാന്‍ ഇവിടെയുണ്ട്. ഒക്ടോബര്‍ 24വരെ എല്ലാ ദിവസവും രാവിലെ ഒമ്പതുമണി മുതല്‍ അഞ്ചുമണിവരെ അന്ധതയിലൂടെ നടക്കാം. എരഞ്ഞിപ്പാലം പോസ്റ്റോഫിസിന് സമീപത്തെ മലബാര്‍ കണ്ണാശുപത്രിയോടനുബന്ധിച്ച കാമ്പസിലാണ് പ്രദര്‍ശനം. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല നിര്‍വഹിച്ചു. കാനത്തില്‍ ജമീല, ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി, എ.സി.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവരും അന്ധതയിലൂടെ നടന്നു. മാനേജിങ് ഡയറക്ടര്‍ കെ. റഷീദ് നന്ദി പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ.പി. ജയചന്ദ്രന്‍, പി. ശ്യാംലാല്‍, ശാലിനി നായര്‍, പി. അഭിരാം, ഖിന ഹസന്‍, ജൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടണലിലൂടെ സഞ്ചരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947306218,7925383299, 8943588223.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.