അസൗകര്യങ്ങള്‍ക്ക് നടുവിലും അവര്‍ തുന്നിച്ചേര്‍ത്തത് ഉണ്ണികൃഷ്ണന്‍െറ ജീവിതം

കോഴിക്കോട്: മെഡി. കോളജിലെ ഡോക്ടര്‍മാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നമിക്കുകയാണ് വയനാട് വടുവഞ്ചാല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍. സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അറ്റുപോയ കൈവിരലുകള്‍ തുന്നിച്ചേര്‍ത്ത് തിരിച്ചുനല്‍കിയതിന്. പ്രിന്‍റിങ് പ്രസിലെ പേപ്പര്‍ കട്ടറില്‍ കൈകുടുങ്ങി ഇടതുകൈയിലെ നാല് വിരലുകള്‍ അറ്റ നിലയിലാണ് തിങ്കളാഴ്ച ഉച്ചയോടെ ഉണ്ണികൃഷ്ണനെ (28) മെഡി.കോളജിലത്തെിക്കുന്നത്. അറ്റുപോയ വിരലുകളും കൊണ്ടുവന്നിരുന്നു. മെഡി. കോളജിലെ അത്യാഹിതവിഭാഗത്തില്‍ പ്ളാസ്റ്റിക് സര്‍ജറി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും രോഗിയെ തിരിച്ചയക്കാതെ ഡോക്ടര്‍മാര്‍ ഉണ്ണികൃഷ്ന് നല്‍കിയത് ഇടംകൈ മാത്രമല്ല, ജീവിതം കൂടിയാണ്. അവയവങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയയാണ് നടത്തുക. സൂക്ഷ്മമായ നാഡികള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇവയെ മൈക്രോസ്കോപ്പിലൂടെ വലുതായി കണ്ടശേഷം മാത്രമേ സാധിക്കൂ. തുന്നലിടുന്ന നൂലുപോലും മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാനാകൂ. എന്നാല്‍, നല്ളൊരു മൈക്രോസ്കോപ്പ് പോലുമില്ലാതെയാണ് 12 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുടങ്ങിയ ശസ്ത്രക്രിയ അവസാനിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന്. സ്വന്തമായൊരു തിയറ്ററോ നല്ല വൈദ്യുതി സംവിധാനങ്ങളോ ഇല്ലാതെ നാലു വിരലുകള്‍ നല്ല നിലയില്‍ തുന്നിച്ചേര്‍ക്കാന്‍ സാധിച്ചത് സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്ളാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍ ഷീജ രാജന്‍ പറഞ്ഞു. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയക്ക് സാധിച്ചത് വിജയസാധ്യത കൂട്ടി. തുന്നിച്ചേര്‍ത്തയിടം രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുതലായിരുന്നുവെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. വിരലുകളിലേക്ക് രക്തയോട്ടം സാധാരണ നിലയിലായിട്ടുണ്ട്. കമ്പി ഉപയോഗിച്ച് എല്ലുകള്‍ ഉറപ്പിച്ചിട്ടുണ്ട്. ആറാഴ്ച കഴിഞ്ഞാല്‍ മാത്രമേ കമ്പി എടുക്കാനാകൂ. അതിനുശേഷം സാവധാനം ഫിസിയോ തെറപ്പി ചെയ്ത് വേണം കൈവിരലുകള്‍ ചലിപ്പിക്കാനെന്നും ഡോക്ടര്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ മെഡി. കോളജില്‍ സുഖംപ്രാപിച്ചുവരുന്നു. പ്ളാസ്റ്റിക് സര്‍ജറി വിഭാഗം യൂനിറ്റ് ചീഫ് ഡോ. രഞ്ജിത് സത്യന്‍, ഡോ. ലക്ഷ്മി നാരായണന്‍ ഭണ്ഡാരെ, ഡോ. ഷീജ രാജന്‍, ഡോ. ജോസഫ്, ഡോ. അനു, ഡോ. ആരതി, ഡോ. ചിഞ്ചു എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.