വടകര: നഗരസഭയില്‍ കാറ്റ് മാറിവീശുമോ?

വടകര: നഗരസഭയില്‍ ഇത്തവണ കാറ്റ് മാറിവീശുമോ? കക്ഷിഭേദമന്യേ ഈ ചോദ്യമുയരുന്ന തെരഞ്ഞെടുപ്പാണിത്. യു.ഡി.എഫ് പതിവിന് വിപരീതമായി സീറ്റുവിഭജനം നേരത്തേതന്നെ നടത്തിയെങ്കിലും കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പുപോരും സ്ഥാനാര്‍ഥിനിര്‍ണയവും വലിയരീതിയിലുള്ള ആഭ്യന്തരപ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഐ ഗ്രൂപ്പിനെ ഇല്ലാതാക്കുന്ന രീതിയിലുള്ള സ്ഥാനാര്‍ഥിനിര്‍ണയമാണ് ഇത്തവണ നടത്തിയതെന്നാണ് പ്രധാന പരാതി. ഇതിനുപുറമേ പ്രാദേശികവാദവും വലിയ അസ്വാരസ്യങ്ങളാണ് സൃഷ്ടിച്ചത്. മുസ്ലിം ലീഗിലും പ്രാദേശികവാദം തലവേദനയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട ചില നേതാക്കള്‍ക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല. ആറു മുന്‍ കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഇത്തവണ രംഗത്തുള്ളത്. ചെയര്‍മാന്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിനാണെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും ആരെന്ന് പ്രഖ്യാപിക്കാന്‍ ഏറെ ചര്‍ച്ച വേണ്ടിവന്നു. കുങ്ങളരത്ത് വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍െറ മുതിര്‍ന്നനേതാവ് അഡ്വ. സി. വത്സനാണ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി. ഇവിടെ സി.പി.ഐയിലെ പി. അശോകനും ബി.ജെ.പിയിലെ രാജേഷും മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ സി.പി.ഐ സ്വന്തമാക്കിയ വാര്‍ഡാണിത്. താഴെ അങ്ങാടിയില്‍ മുസ്ലിം ലീഗിന് പതിവിന് വിപരീതമായ ചില വെല്ലുവിളികള്‍ ഇത്തവണയുണ്ട്. മുഖച്ചേരി വാര്‍ഡില്‍ യു.ഡി.എഫ് റെബലായി കോണ്‍ഗ്രസിലെ യു. അദ്നാന്‍ സ്ഥാനാര്‍ഥിയാണ്. ലീഗിലെ വി.പി. മുഹമ്മദ് റാഫിയാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായ അദ്നാന്‍െറ പിന്നില്‍ ചില ലീഗ് പ്രവര്‍ത്തകരാണെന്നും ആക്ഷേപമുണ്ട്. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി നിട്ടൂര്‍ വീട്ടില്‍ സുനീറും ഐ.എന്‍.എലിനുവേണ്ടി മുക്കോലക്കല്‍ ഹംസയും എസ്.ഡി.പി.ഐയുടെ പി.വി. സവാദും രംഗത്തുണ്ട്. മുഖച്ചേരി വാര്‍ഡിലുള്‍പ്പെടെ വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നിടത്താണ് മത്സരിക്കുന്നത്. കുറുമ്പയില്‍ വാര്‍ഡില്‍ ഷാഹിദ റാസിഖും കൊയിലാണ്ടിവളപ്പില്‍ മുഹമ്മദ് ഫാറൂഖുമാണുള്ളത്. ആര്‍.എം.പി പിന്തുണക്കുന്ന രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളായി എടോടി വാര്‍ഡില്‍ ശോഭനയും സിദ്ധാശ്രമം വാര്‍ഡില്‍ ശരണ്യ ഇ. വാഴയിലുമാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫുമായുള്ള 22 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ഐ.എന്‍.എല്‍ തനിച്ച് മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആറുവാര്‍ഡുകളിലാണ് ഐ.എന്‍.എല്‍ മത്സരിക്കുന്നത്. വാശിയേറിയ മത്സരം കാഴ്ചവെക്കാണ് ഐ.എന്‍.എല്‍ നീക്കം. എന്‍.സി.പിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്‍.ഡി.എഫ് ചെയര്‍മാന്‍സ്ഥാനാര്‍ഥിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും കരിമ്പന വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരനാണെന്നാണ് സൂചന. ഇവിടെ കോണ്‍ഗ്രസിലെ സദാനന്ദന്‍ സ്വതന്ത്രനായും ബി.ജെ.പിയിലെ സുരേന്ദ്രനും മത്സരിക്കുന്നുണ്ട്. ബി.ജെ.പി കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തത്തെിയ അറക്കിലാട്, കറുകയില്‍ വാര്‍ഡുകളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞകാല വികസനത്തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സീറ്റ് വര്‍ധിക്കുമെന്നുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ. അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളെ മാറിച്ചിന്തിപ്പിക്കുന്നതായി യു.ഡി.എഫ് കരുതുന്നു. കഴിഞ്ഞതവണ 47 വാര്‍ഡില്‍ 28 സീറ്റാണ് എല്‍.ഡി.എഫ് സ്വന്തമാക്കിയത്. ഭരണത്തിലേറുമ്പോള്‍ 27 സീറ്റാണുണ്ടായിരുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് തിരിച്ചുപിടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.