ബീച്ച് ആശുപത്രിയില്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ പുതിയ ഒ.പി ബ്ളോക് കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. കെട്ടിടംപണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വൈദ്യുതി, വെള്ളം, ഫര്‍ണിച്ചര്‍ എന്നിവയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഫണ്ട് എപ്പോള്‍, എവിടെനിന്ന് ലഭിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് അധികൃതര്‍. കെട്ടിടംപണി എന്ന് പൂര്‍ത്തിയാകുമെന്നും എപ്പോള്‍ ഉദ്ഘാടനം നടത്താനാകുമെന്നതിനെക്കുറിച്ചും ധാരണയില്ല. അനുവദിച്ച ഫണ്ട് തികയില്ളെന്നു മാത്രമാണ് ഉറപ്പിച്ചു പറയാനാകുന്നത്. സ്വതവേ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ആശുപത്രിയിലേക്കാണ് പുതിയ കെട്ടിടംകൂടി വരുന്നത്. നിലവില്‍ 80 കിലോവാട്ട് ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറാണുള്ളത്. എന്നാല്‍, 450 കിലോവാട്ട് വൈദ്യുതിയാണ് ആശുപത്രി ഉപയോഗിക്കുന്നത്. സബ്സ്റ്റേഷന്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാകാതെ പ്രതിസന്ധിക്ക് പരിഹാരമാകില്ല. ഒന്നര വര്‍ഷമായി പരിഗണനയിലുള്ള പദ്ധതിയാണ് പുതിയ ഒ.പി ബ്ളോക്. നാലുനില കെട്ടിടത്തിന്‍െറ താഴെനിലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍നിന്ന് 1.35 കോടി രൂപ ഉപയോഗിച്ച് ഇപ്പോള്‍ നടക്കുന്നത്.സര്‍ക്കാറില്‍നിന്ന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ പുതിയ പദ്ധതികള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ളെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസേന 2000ത്തോളം രോഗികള്‍ വരുന്ന ആശുപത്രിയുടെ ഒ.പിയും അത്യാഹിത വിഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ ആശുപത്രിയുടെ സ്ഥലപരിമിതിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.