എല്‍.ഡി.എഫ് ആദ്യപട്ടിക അപൂര്‍ണം; നിലപാട് കടുപ്പിച്ച് ജനതാദള്‍

കോഴിക്കോട്: കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്) എന്നീ ഘടകകക്ഷികളുടെ സീറ്റുകളേതെന്ന് വ്യക്തമാക്കാതെ എല്‍.ഡി.എഫിന്‍െറ ആദ്യ സ്ഥാനാര്‍ഥി പട്ടിക. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന ഐ.എന്‍.എല്‍ മത്സരിക്കുന്ന മണ്ഡലങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചില്ല. അതേസമയം, ഇവര്‍ക്ക് നീക്കിവെച്ച സീറ്റുകളുടെ എണ്ണം എത്രയാണെന്ന് പറയുകയും ചെയ്തു. ജെ.ഡി.എസ്, കോണ്‍ഗ്രസ് (എസ്), ഐ.എന്‍.എല്‍ എന്നീ കക്ഷികള്‍ സീറ്റുവിഭജനത്തില്‍ കടുത്ത അതൃപ്തിയിലാണ്. ജെ.ഡി.എസ് ആകട്ടെ നിലപാട് കടുപ്പിച്ച് ജില്ലാ പഞ്ചായത്തിലേക്ക് ഒറ്റക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. 75 അംഗ കോര്‍പറേഷനിലേക്ക് 62 അംഗങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 13 സീറ്റുകളില്‍ മൂന്നെണ്ണം ജനതാദളിനും ഓരോന്ന് വീതം ഐ.എന്‍.എല്ലിനും കോണ്‍ഗ്രസി(എസ്)നും നീക്കിവെച്ചതാണ്. തങ്ങളുടെ എട്ട് വാര്‍ഡുകളില്‍കൂടി സി.പി.എമ്മിനും സ്ഥാനാര്‍ഥികളാവാനുണ്ട്. സി.പി.എം അനുവദിച്ച ഒരു സീറ്റില്‍ വഴങ്ങേണ്ടെന്നും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കണമെന്നുമുള്ള ഐ.എന്‍.എല്‍ നിലപാടിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. ജനതാദള്‍ ആകട്ടെ കോര്‍പറേഷന്‍ സീറ്റുകളുടെ കാര്യത്തില്‍ പ്രതീക്ഷ കൈവിട്ടിട്ടില്ളെങ്കിലും ജില്ലാ പഞ്ചായത്തിന്‍െറ കാര്യത്തില്‍ അതുപോലുമില്ല. അഴിയൂര്‍, നാദാപുരം, നരിക്കുനി, പയ്യോളി അങ്ങാടി, ഓമശ്ശേരി എന്നീ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളുടെ കാര്യത്തിലാണ് വ്യക്തത വരാനുള്ളത്. ഇതില്‍ ഏത് നല്‍കിയാലും സ്വീകരിക്കേണ്ടതില്ളെന്ന് ജനതാദള്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റില്‍ മത്സരിച്ച എന്‍.സി.പിക്ക് ജയസാധ്യതയുള്ള ഒന്നടക്കം രണ്ട് സീറ്റുകള്‍ ഇത്തവണ നല്‍കിയപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ കരുത്തുകൂടിയിട്ടും തങ്ങളെ പരിഗണിക്കുകപോലും ചെയ്തില്ളെന്നാണ് ദളിന്‍െറ പരാതി. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ വോട്ട് എത്രയാണെന്ന് ബോധ്യപ്പെടുത്താന്‍ സ്വന്തം നിലയില്‍ മത്സരിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് അവര്‍. ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുനിന്ന് വിട്ടുനിന്ന് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കാനായിരുന്നു കഴിഞ്ഞ ദിവസം ദളിന്‍െറ ആലോചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT