11ാം മണിക്കൂറിലും കോണ്‍ഗ്രസില്‍ ചര്‍ച്ചതന്നെ

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക ഞായറാഴ്ചയും പൂര്‍ത്തിയാക്കാനായില്ല. മുസ്ലിംലീഗ് കോണ്‍ഗ്രസിനെ കാത്തുനില്‍ക്കാതെ ഇന്നലെ വൈകുന്നേരത്തോടെ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. അതേസമയം, രാത്രി വൈകിയും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയിലാണ്. 42ല്‍ 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. മലാപ്പറമ്പ്, എലത്തൂര്‍, പുത്തൂര്‍, എരഞ്ഞിക്കല്‍, കുടില്‍ തോട്, കല്ലായി തുടങ്ങിയ വാര്‍ഡുകളിലാണ് എതിര്‍പ്പില്ലാതെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രമുഖരായ അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. കെ. ജയന്ത്, അഡ്വ. പി. ശങ്കരന്‍ തുടങ്ങിയവര്‍ മത്സരിക്കണമെന്ന ആവശ്യം ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാണ്. അഡ്വ. പി.എം. സുരേഷ്ബാബുവിന് മേലാണ് ശക്തമായ സമ്മര്‍ദമുള്ളത്. നിയമസഭാതെരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റ് ലഭിക്കുമെന്ന് പാര്‍ട്ടിയില്‍നിന്ന് ഉറപ്പുലഭിക്കുകയാണെങ്കില്‍ മത്സരിക്കാമെന്ന നിലപാട് പ്രമുഖര്‍ക്കുണ്ട്. അതിന് ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അതിനിടെ ജില്ലാ പഞ്ചായത്തില്‍ ബാലുശ്ശേരി, മൊകേരി ഡിവിഷനുകള്‍ വെച്ചുമാറാന്‍ തര്‍ക്കത്തിനൊടുവില്‍ ജനതാദള്‍-യു തയാറായി. കഴിഞ്ഞ തവണ ലീഗ് കോണ്‍ഗ്രസിന് വെറുതെ നല്‍കിയ മൂന്ന് സീറ്റുകള്‍ ലീഗ് തിരിച്ചുചോദിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ജനതാദള്‍-യുവിന്‍െറ സിറ്റിങ് സീറ്റ് നിര്‍ബന്ധിച്ചുവാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT